
തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനു. കേസിലെ ആദ്യ മൂന്നു പ്രതികള്‍ക്ക് പറ്റിയ കയ്യബദ്ധമാണ് കൊലപാതകം. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുന്നതിനിടെയാണ് മരണം നടന്നത്. പ്രതിയായ ജോണി തന്റെ കക്ഷിയാണ്. അയാള്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പോലീസിനോട് പറഞ്ഞു.
രാജീവിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നില്ല. ബന്ദിയാക്കാന്‍ നിയോഗിച്ചവരാണ് എല്ലാം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കന്‍ രാജീവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ചക്കര ജോണിയും രഞ്ജിതുമാണ് എല്ലാം ചെയ്തത് എന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഉദയഭാനു വ്യക്തമാക്കി. മണിക്കൂറുകള്‍ ചോദ്യം ചെയ്തുവെന്നാണ് സൂചന.
തൃശൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ച ഉദയഭാനുവിനെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണിയോടെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. നാലു മണിയോടെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. തുടര്‍ന്നായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍.
കേസില്‍ അറസ്റ്റിലായ ചക്കര ജോണിയുമായി ഉദയഭാനു പല ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 29 തവണ ഇവര്‍ ഫോണില്‍ വിളിച്ചിരുന്നു. ഉദയഭാനുവിനു വേണ്ടി ചില രേഖകളില്‍ രാജീവിനെ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. രേഖകള്‍ തയ്യാറാക്കിയത് ഉദയഭാനുവിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഉദയഭാനുവിനെ ഇന്നലെ തൃപ്പൂണിത്തുറയിലുള്ള സഹോദരന്റെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതോടെ ഉദയഭാനു ഒളിവില്‍ പോവുകയായിരുന്നു. കീഴടങ്ങാനുള്ള നീക്കവും പോലീസ് തടഞ്ഞിരുന്നു.
സെപ്തംബര്‍ 29ന് ചാലക്കുടി തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ നാലു പേരെയും ചക്കര ജോണി, രഞ്ജിത് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.






