
തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അഡ്വ.സി.പി ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേയ്ക്ക് അയച്ചു.
പ്രതി സമൂഹത്തില്‍ ഉന്നതനായ വ്യക്തിയാണെന്നും, ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിക്കാകുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് കോടതി റിമാന്‍ഡ് അംഗീകരിച്ചത്.കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഇന്നലെ രാത്രിയാണ് തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്ന് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാജീവ് വധം നാലു പേരുടെ കയ്യബദ്ധമായിരുന്നുവെന്നും, തനിക്കതില്‍ പങ്കില്ലെന്നുമാണ് സി.പി ഉദയഭാനവുവിന്റെ നിലപാട്. രാജീവിനെ കൊണ്ട് രേഖകളില്‍ ഒപ്പുവെച്ചു വാങ്ങാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും തനിക്ക് പങ്കില്ലെന്നും ഉദയഭാനു പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഉദയഭാനു ഒളിവിലായിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.
നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി.എ രാജീവിനെ സെപ്റ്റംബര്‍ 29 നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നു എന്നാണ് പ്രോസിക്യൂഷന് ഉയര്‍ത്തുന്ന വാദം.






