
നടപടി ആവശ്യപ്പെട്ട് യോഗക്ഷേമ സഭയും കേരള ശാന്തിക്ഷേമ യൂണിയനും സമരം പ്രഖ്യാപിക്കുകയും, യദു കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബ്രാഹ്മണ ശാന്തിക്കാര്‍ സമരത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആദ്യ ദലിത് ശാന്തിക്കാരന് യദു കൃഷ്ണന്. ഭക്തര്‍ തനിക്ക് എല്ലാ പിന്തുണയും നല്കിക്കൊണ്ടിരിക്കുമ്പോള് എന്തിനാണ് ഈ വിവാദമെന്നോ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം എന്തെന്നോ അറിയില്ലെന്ന് യദുകൃഷ്ണന് പറഞ്ഞു.
തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയോഗിതനായ യദു ഒരു പുലയ സമുദായത്തില്‍ നിന്നുമാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പമ്ബാ നദിയും മണിമലയാറും സംഗമിക്കുന്ന കീച്ചേരിമേല്‍ കടവിലാണ് മണപ്പുറം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശൂര്‍ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നില്‍ പികെ രവിയുടെയും ലീലയുടെയും മകനായ യദുകൃഷ്ണ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ എഴുത്തു പരീക്ഷയിലും പ്രാക്ടിക്കലിലും വിജയിച്ച നാലാം റാങ്കുകാരനായിരുന്നു. എന്നിരുന്നാലും ആദ്യ നിയമനം യദുവിനെയാണ് തേടിയെത്തിയത്.
എന്നാല്‍ യദു കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് യോഗക്ഷേമ സഭയും കേരള ശാന്തിക്ഷേമ യൂണിയനും തിരുവല്ലയില്‍ ദേവസ്വം ഓഫീസിന് മുന്നില്‍ സമരം പ്രഖ്യാപിക്കുകയും യദു കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബ്രാഹ്മണ ശാന്തിക്കാര്‍ സമരത്തിനിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേധം ഭയന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. യദുവിന്റെ നിയോഗത്തെ ചരിത്ര മുഹൂര്‍ത്തമായിട്ടാണ് വിലയിരുത്തുന്നത്.






