
കൊച്ചി: ഏതു കേസിലും ഏത് ഉന്നതനെതിരെയും നിര്‍ഭയം ആഞ്ഞടിക്കുമെന്നു മാധ്യമങ്ങള്‍ വീമ്പിളക്കും. ചാരക്കേസില്‍ കെ. കരുണാകരന്, ലാവ്ലിന് കേസില്‍ പിണറായി വിജയന്, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഒട്ടനവധി ഉന്നതനേതാക്കള്‍, ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയും കെ. ബാബുവും, നടിയെ ആക്രമിച്ച കേസില്‍ ദിലീപ്...ന്യൂസ് റൂമുകളില്‍ വമ്പന്മാരെ നിഷ്കരുണം പൊളിച്ചടുക്കുന്നവര്‍ പ്രമാദമായൊരു കൊലപാതകക്കേസില്‍ പ്രമുഖ അഭിഭാഷകന് കുറ്റാരോപിതനായപ്പോള്‍ വാലുചുരുട്ടി. ചില ചാനലുകളില്‍ മാത്രം വഴിപാടുപോലെ ഒന്നോ രണ്ടോ അന്തിച്ചര്‍ച്ചകള്‍; പ്രമാദമായ വാര്‍ത്തകള്‍ ഒതുക്കാന്‍ പത്രങ്ങളും പഠിച്ചു.
മറ്റെല്ലാ കേസിലുമെന്നപോലെ ചാലക്കുടി രാജീവ് വധക്കേസില്‍ പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവും കുറ്റാരോപിതന് മാത്രം; കുറ്റവും നിരപരാധിത്വവും തെളിയിക്കപ്പെടേണ്ടതു കോടതിയിലാണ്. എന്നാല്‍, മറ്റുള്ളവരെ സമാനതകളില്ലാത്ത മാധ്യമവിചാരണയ്ക്കു വിധേയരാക്കിയവര്‍ 'വകുപ്പറിയാവുന്ന' വക്കീലിന്റെ കാര്യത്തില്‍ മൗനം ഭൂഷണമാക്കി. എഴുതിയും ചര്‍ച്ചചെയ്തും എട്ടിന്റെ പണി വാങ്ങിക്കൂട്ടേണ്ടെന്നായിരിക്കാം! നാലുവര്‍ഷമായി സോളാറും നാലുമാസത്തിലേറെയായി ദിലീപ് വിഷയവും ആളിക്കത്തിക്കുമ്പോള്‍, കണ്ടും കേട്ടും മടുത്ത ജനം ഗതികെട്ട്, 'ഒന്നു നിര്‍ത്തൂ'വെന്ന് ആക്രോശിക്കുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്കു മാത്രം ഒരു മടുപ്പുമില്ല.
ലാവ്ലിന് കേസില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നരപ്പതിറ്റാണ്ടോളമാണു മാധ്യമവേട്ടയ്ക്ക് ഇരയായത്. അദ്ദേഹത്തെ ന്യായീകരിച്ചവരൊക്കെ ന്യൂസ് റൂമുകളില്‍ ന്യായീകരണത്തൊഴിലാളികളായി അപഹസിക്കപ്പെട്ടു. സോളാര്‍ കേസിന്റെ ഉത്ഭവം മുതല്‍ നാലുവര്‍ഷമായി ഉമ്മന്‍ ചാണ്ടിക്കും നിരവധി മുന്‍മന്ത്രിമാര്‍ക്കെതിരേ മാധ്യമവേട്ട നടക്കുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കൈകാര്യം ചെയ്തത് അതില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ ന്യൂസ് റൂമുകളില്‍ വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടാണ്. 'ആളുവില കല്ലുവില' എന്ന മട്ടില്‍ ചാനല്‍ ചര്‍ച്ചകളുടെ ഇരട്ടമുഖം വെളിപ്പെടാന്‍ അധികമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഇക്കുറി പ്രതിക്കൂട്ടിലായതു കേരളത്തിലെ നമ്പര്‍വണ്‍ ക്രിമിനല്‍ അഭിഭാഷകനായ സി.പി. ഉദയഭാനുവാണ്; നടിയെ ആക്രമിച്ച കേസില്‍ പോലീസ് നിയമോപദേശം തേടി സമീപിച്ച അതേ വക്കീല്‍. എന്നാല്‍, താരത്തിന്റെ കാര്യത്തില്‍ വാളെടുത്ത മാധ്യമവിചാരണക്കാര്‍ വക്കീലിന്റെ കാര്യത്തില്‍ നിശബ്ദരാകുന്നതാണു കേരളം കണ്ടത്.
പിടിയിലായ പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ്, തെളിവുകള്‍ ഏറെയുണ്ടായിട്ടും ഉദയഭാനുവിനു മുന്നില്‍ അറച്ചുനിന്നു. ദിലീപിന്റെ കാര്യത്തില്‍ പള്‍സര്‍ സുനിയുടേതെന്നപോലെ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പിടിയിലായവരുടെ മൊഴി ഉള്‍പ്പെടെ അതിശക്തമായ തെളിവുകള്‍ ഉദയഭാനുവിനും എതിരായിരുന്നു. എന്നാല്‍, മലയാളത്തിലെ ഒരു മുത്തശ്ശിപ്പത്രത്തിന്റെ ചാനല്‍ ഉദയഭാനു വിഷയം അന്തിച്ചര്‍ച്ചയ്ക്കു വച്ചെങ്കിലും വക്കീലിനെതിരേ കമാന്നൊരക്ഷരം ഉരിയാടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ദിലീപിനെ നാലുമാസമായി നിത്യേന മാധ്യമവിചാരണയ്ക്കിരയാക്കിയ ചാനലുകളും തോമസ് ചാണ്ടിയെ ഇപ്പോഴും വിചാരണ ചെയ്യുന്ന ചാനലുകളും അഭിഭാഷകനെ കണ്ടില്ലെന്നു നടിച്ചു.
സോളാര്‍ കേസില്‍ എരിവും പുളിയും മസാലയും ചേരുംപടി ചേര്‍ത്ത വാര്‍ത്തകള്‍ മാധ്യമലോകം മലയാളിക്കു മുന്നില്‍ വിളമ്പി. എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരായ മൊഴി തിരുത്താന്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ഏഴുകോടി രൂപ ചാക്കില്‍കെട്ടി സരിതയ്ക്കു പിന്നാലെ പായുന്നുവെന്ന ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ ആരോപണം സ്വന്തം റിപ്പോര്‍ട്ടാക്കി അവതരിപ്പിച്ച് ആഞ്ഞടിച്ചപ്പോള്‍ രണ്ടുനേതാക്കളും നിര്‍ഭയം മാനനഷ്ടക്കേസിനു തുനിഞ്ഞു. അതോടെ ആഞ്ഞടിച്ചവര്‍ ആവിയായി. താടിയുള്ള അപ്പനെയേ പേടിയുള്ളൂ എന്ന അവസ്ഥ! കോടതി വിധിക്കുംവരെ ഏതു കേസിലും പ്രതികള്‍ കുറ്റാരോപിതരാണ്. എല്ലാ കുറ്റാരോപിതരും സമന്മാരാണെങ്കിലും വകുപ്പറിയാവുന്ന കുറ്റാരോപിതര്‍ 'കൂടുതല്‍ സമന്മാരാകുന്ന' മാധ്യമനയമാണിപ്പോള് കേരളത്തില്‍ ചോദ്യംചെയ്യപ്പെടുന്നത്.
അറസ്റ്റിലാകുമ്പോള്‍ ഉദയഭാനുവിനെതിരേ തെളിവുകള്‍ എട്ട്
1. ഉദയഭാനുവില്‍നിന്നു ഭീഷണിയുള്ളതായി ഡി.ജി.പിക്കു രാജീവ് നല്കിയ പരാതി. ഹൈക്കോടതിയില്‍നിന്നു നേടിയ സംരക്ഷണ ഉത്തരവ്.
2. രാജീവ് അവശനിലയിലെന്നു പോലീസിനെ വിളിച്ചറിയിച്ചത് ഉദയഭാനു.
3. കേസില്‍ ഇടപെടാന്‍ സുഹൃത്തുകൂടിയായ ഡിവൈ.എസ്.പിയോട് ഉദയഭാനുവിന്റെ അഭ്യര്‍ഥന.
4. കൊലപാതകത്തിനുശേഷം ഉദയഭാനുവും പ്രതികളും ഒരേ മൊബൈല്‍ ടവര്‍ പരിധിയില്‍.
5. പ്രതികളുമായി നിരവധി ഫോണ്‍ വിളികള്‍.
6. രാജീവുമായുള്ള ഭൂമിയിടപാട് രേഖകള്‍, രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്ശകനായിരുന്നുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍.
7. ക്വട്ടേഷന്‍ ഉദയഭാനുവിന്റെയും ആവശ്യപ്രകാരമെന്ന് ആറു പ്രതികളുടെയും മൊഴി.
8. കൊല്ലപ്പെട്ട രാജീവിന്റെ മകന്റെ മൊഴി.
ദിലീപ് അറസ്റ്റിലായപ്പോള്‍ രണ്ടേരണ്ട് തെളിവുകള്‍
1. ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മൊഴി.
2. ഗൂഢാലോചന സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍.






