
തിരുവനന്തപുരം: ആരാധക സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി സ്റ്റേഡിയം പരിസരത്തു വീണ്ടും മഴ. മഴ മാറി നില്‍ക്കുന്നതിന്റെ സൂചനകള്‍ ഒരു മണിക്കൂര്‍ മുമ്പ് ലഭിച്ചിരുന്നെങ്കിലും രസം കൊല്ലിയായി വീണ്ടും മഴ എത്തിയിരിക്കുകയാണ്.
ട്വന്റി-20 ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിനെതിരേ ചരിത്രത്തിലാദ്യമായി ഒരു പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യക്ക് അവര്‍ മാത്രമല്ല ഇപ്പോള്‍ എതിരാളികള്‍. തിരുവനന്തപുരത്ത് പെയ്യുന്ന തുലാമഴയും എതിരാളിയാണ്. കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ര്ട ക്രിക്കറ്റ് മത്സരത്തില്‍ കിവികളെയും മഴയെയും ഒരുപോലെ കീഴടക്കിയാലേ പരമ്പര സ്വന്തമാക്കാനാകൂ.
അഞ്ചു മണിയോടെ മഴക്ക് ശമനം വരുകയും ആറു മണിക്ക് ഗ്രൗണ്ടില്‍ ആദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഇരുടീമുകളും സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ര്ട മത്സരം നടന്നത് 1988-ലാണ്. അന്ന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ മുഖ്യപരിശീലകനാണ്. കിവികളെ കീഴടക്കാനുള്ള ചാണക്യതന്ത്രം മെനയാന്‍ നായകന് വിരാട് കോലിക്ക് തുണയായി ശാസ്ത്രിയുണ്ടാകും.
ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്കു തുടങ്ങി വൈകുന്നേരംവരെ നീളുന്ന രീതിയിലാണ് പെയ്ത്ത്. ഒരു മണിക്കൂര്‍ മുമ്പെങ്കിലും മഴനിന്നാല്‍ കുഴപ്പമില്ലാതെ കളിനടത്താനാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധികള്‍ പറയുന്നത്.
വെള്ളം പെട്ടെന്ന് വാര്‍ന്നുപോകാനുള്ള സംവിധാനവും മൂന്നു സൂപ്പര്‍ സോപ്പറുകളും ഇവിടെയുണ്ട്. മഴയും മാനവും തെളിഞ്ഞ് കളി നടക്കുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ആരാധകരും സംഘാടകരും. റണ്ണൊഴുകുന്ന പിച്ചാണ് സ്പോര്‍ട്സ് ഹബ്ബിലേത്. അടുത്തിടെ നടന്ന ഒരു സന്നാഹമത്സരത്തില്‍ രണ്ടിന്നിങ്സിലും 180-നുമുകളില്‍ സ്കോര്‍ പിറന്നിരുന്നു.
രണ്ടു ടീമുകളും സമതുലിതമാണ്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമേകിയാല് ഇന്ത്യക്കാവും മേല്‍ക്കൈ. കിവി നിരയില്‍ അപകടകാരികള്‍ ഓപ്പണിങ് ബാറ്റ്സ്മാന് കോളിന് മണ്‍റോയും ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ട്രെന്റ് ബോള്‍ട്ടുമാണ്. രാജ്കോട്ടില്‍ അവര്‍ രണ്ടാം മത്സരം ജയിച്ചത് മണ്‍റോയുടെ സെഞ്ചുറിയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ മാര്ട്ടിന് ഗപ്ടിലും മാറ്റുതെളിയിച്ചിട്ടുള്ളവരാണ്. ഫീല്‍ഡിങ്ങില്‍ ജാഗ്രതകൂട്ടി മണ്‍റോയെ പൂട്ടിയും കടന്നാക്രമിച്ച് ബോള്‍ട്ടിന്റെ വെല്ലുവിളി തടഞ്ഞും ആധിപത്യം സ്ഥാപിക്കാമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.
ഇന്ത്യ: രോഹിത്, ധവാന്, ശ്രേയസ്സ് അയ്യര്‍, കോഹ്ലി (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ധോനി, അക്ഷര്‍ പട്ടേല്‍, ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍, ബുംറ.
ന്യൂസീലന്‍ഡ്: മണ്‍റോ, ഗപ്ടില്‍, വില്യംസണ് (ക്യാപ്റ്റന്‍), ടോം ബ്രൂസ്, ഗ്ലെന്‍ ഫിലിപ്സ്, നിക്കോള്‍സ്, ഗ്രാന്ധോം, സാന്റ്നര്‍, സോധി, ബോള്‍ട്ട്, മില്‍നി.






