
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവ് സംബന്ധിച്ച എച്ച് സലാമിന്റെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാണെന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് താന്‍ കാരണമാണെന്നും സുധാകരന്‍ പറഞ്ഞു.
സലാമിന് വിവരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പിരിച്ച പണം പാര്‍ട്ടിക്കല്ല, കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് താന്‍ കാരണമാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു എച്ച് സലാമിന്റെ ആരോപണം. 2021 തിരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന്‍ നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരന്‍ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാല്‍ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചിരുന്നു.






