
തൃശൂര്‍: ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരന് രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ പാലക്കാട് മുതലമടയിലെ തോട്ടത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണോദ്യോഗസ്ഥന് ഡി.വൈ.എസ്.പി ഷംസുദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
ഉദയഭാനു വാങ്ങാനിരുന്ന മുതലമടയിലെ തോട്ടം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പോലീസ് സംഘം എത്തിയത്. കൊല്ലപ്പെട്ട രാജീവിനൊപ്പം ഉദയഭാനു രണ്ട് തവണ തോട്ടത്തില്‍ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
നവംബര്‍ ഒന്നിന് രാത്രി 11.30നാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ ആദ്യ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകമെന്നും താന്‍ രാജീവിനെ കൊല്ലാന്‍ ആരോടും നിര്ദ്ദേശിച്ചിട്ടില്ലെന്നുമാണ് ഉദയഭാനുവിന്റെ നിലപാട്. എന്നാല്‍ ഉദയഭാനു പഠിച്ച മറുപടികളാണ് നല്‍കുന്നതെന്നാണ് പോലീസ് നിലപാട്.







Comments