
കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനിക്കു കായല്‍നിലം െകെയേറി നികത്താന്‍ സഹായങ്ങള്‍ വാരിക്കോരി നല്കിയ ഉദ്യോഗസ്ഥര്‍ അതേ കുട്ടനാട്ടില്‍ 50 വര്‍ഷമായി താമസിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട് പൊളിച്ചുപണിയാന്‍ അനുമതി തേടിയ അംഗപരിമിതനു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ട് മൂന്നു വര്‍ഷം!
വെളിയനാട് പഞ്ചായത്ത് മാരങ്കേരിച്ചിറ വീട്ടില്‍ ബേബിച്ചനാ (60) നാണ് പിതാവിന് 1970-ല്‍ കുടികിടപ്പായി കിട്ടിയ ഏഴര സെന്റിലെ വീട് പൊളിച്ചുപണിയാന്‍ അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഈ സ്ഥലം റവന്യു രേഖകളില്‍ ''നിലം'' ആയതാണു ബേബിച്ചനു കുരുക്കായത്. ഈ പിഴവ് മാറ്റിക്കിട്ടാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. നിയമത്തിന്റെ നൂലാമാലകളില്‍ കുരുക്കി ഉദ്യോഗസ്ഥര്‍ െകെമലര്ത്തും.പിതാവിനു കുടികിടപ്പായി കിട്ടിയ ഭൂമി പിന്നീട് ബേബിച്ചന്റെ പേരില്‍ തീറാധാരമാക്കി.
ബേബിച്ചന് അത് ഇളയ മകന് എഴുതിക്കൊടുത്തു. മറ്റു മൂന്നു മക്കള്‍ മാറിത്താമസിക്കുന്നു. പത്തു വര്‍ഷം മുമ്പ് തടിമില്ലിലെ പണിക്കിടെ ബേബിച്ചന്റെ ഒരു െകെ അറ്റുപോയിരുന്നു. ഹൃദ്രോഗിയായ ഭാര്യയും മകനുമാണ് വീട്ടിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ വീട് താല്‍ക്കാലികമായി അറ്റകുറ്റപ്പണി ചെയ്താണു താമസം.






