
മാന്നാര്‍: രാത്രി യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച മൊബൈലും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തിന്റെ മുതല്‍ അടങ്ങിയ ബാഗ് യാത്രക്കാരന്റെ വീട് തേടിപ്പിടിച്ച് കണ്ടെത്തി ഓട്ടോക്കാരന് തിരിച്ചുനല്‍കി.
തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഓട്ടോക്കാരന് എം.ജെ. വിജേഷാണ് നന്മയുടെ മാതൃകയായി മാറിയത്. തിരുവല്ലയില്‍ നിന്നും ഓട്ടോയില്‍ കയറിയ മാന്നാര്‍ സ്വദേശി കുരട്ടിക്കാട് അഞ്ജു ഭവനിലെ കെ ഗോപാലകൃഷ്ണന്റെ ട്രോളി ബാഗാണ് വീട് തേടിപ്പിടിച്ച് തിരിച്ചു നല്‍കിയത്.
ഗോപാലകൃഷ്ണനും കുടുംബവും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരുവല്ല സ്റ്റേഷനില്‍ വന്നിറങ്ങിയ ശേഷം വിജേഷിന്റെ ഓട്ടോയില്‍ വീട്ടിലേക്ക് പോയത്. 220 രൂപ ഓട്ടോക്കൂലി പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു യാത്ര.
മാന്നാറിലെ വീടിന് മുന്നില്‍ എത്തിയപ്പോള്‍ 250 രൂപ കൂലി നല്കി ഓട്ടോക്കാരനെ അയയ്ക്കുകയും ബാഗ് ഓട്ടോയ്ക്കുള്ളില്‍ മറന്നു വെയ്ക്കുകയും ചെയ്തു. രണ്ടു തവണ വീട്ടുകാരന് കൈവീശി യാത്ര അയച്ചത് വിജേഷിന്റെ മനസ്സില്‍ മായാതെ കിടക്കുകയും ചെയ്തു. തിരികെ സ്റ്റേഷനില്‍ എത്തിയ വിജേ് തോട്ടഭാഗത്തേക്ക് അടുത്ത ഓട്ടം പോയി യാത്രക്കാരനെ ഇറക്കിയപ്പോഴാണ് ബാഗ് സീറ്റിന് പിന്നില്‍ ഇരിക്കുന്നതായി കണ്ടെത്തിയത്.
മാന്നാറിലേക്ക് പോയ യാത്രക്കാരന്റെ ബാഗാണെന്ന് തിരിച്ചറിഞ്ഞ വിജേഷ് അതുമായി മാന്നാറിലേക്ക് പോയി. വീട് കൃത്യമായി ഓര്മ്മിച്ചിരുന്നില്ലെങ്കിലും ഓട്ടോയില്‍ യാത്രയ്ക്കിടയില്‍ നടത്തിയ സംഭാഷണങ്ങള്‍ വെച്ച് വീട് തേടിപ്പിടിച്ചു കണ്ടെത്തി.
ബാഗ് തുറന്നു പോലും നോക്കാതെ തിരികെ കൊടുത്ത ഓട്ടോക്കാരന്റെ സത്യസന്ധതയെ നിറഞ്ഞ് നന്ദി പറഞ്ഞാണ് ഗോപാലകൃഷ്ണനും കുടുംബവും മടക്കി അയച്ചത്. സമ്മാനങ്ങളും നല്കി. വിജേഷിനെ റെയില്‍വേ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.






