
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും ശ്രീരാമന്റെ മാതൃകകളെ അവഗണിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യക്കാരുടെ എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രബിന്ദു ശ്രീരാമനാണെന്നും ശ്രീരാമന് കാണിച്ചു തന്ന ജീവിത മാതൃകയെ പരാമര്‍ശിക്കാതെയും ഉള്‍ക്കൊള്ളാതെയും ഒരു കാര്യവുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും രാമന്റെ പ്രവര്‍ത്തികള്‍ പ്രതിഫലിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ ഭൂമി തര്‍ക്കത്തില്‍ സ്വയം മധ്യസ്ഥതയ്ക്കെത്തിയ ആത്മീയ നേതാവും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ നവംബര്‍ 16 ന് തര്‍ക്ക ഭൂമി സന്ദര്‍ശിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ വീണ്ടും വിവാദം ഉയര്‍ന്നിരിക്കുകയാണ്.
മധ്യസ്ഥതയ്ക്ക് എത്തിയത് തന്റെ സ്വന്തം താത്പര്യപ്രകാരമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ തനിക്ക് അജന്‍ഡകളൊന്നും ഇല്ലെന്നും, സന്ദര്‍ശനത്തില്‍ എല്ലാവരെയും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന 13 മത് നെഹ്റു മെമ്മോറിയല്‍ ലക്ചറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.






