
ആലപ്പുഴ: സി.പി.ഐ. നിലപാടാണു രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും ശക്തമായി തിരിച്ചുവരുമെന്നും തോമസ് ചാണ്ടി. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരുശതമാനം പോലും സത്യമില്ല. മാര്‍ത്താണ്ഡം കായലില്‍ ഭൂമി െകെയേറിയിട്ടില്ല. വഴി നികത്തിയതില്‍ തെറ്റി. 20 പ്ലോട്ടുകള്‍ നികത്തി; ബാക്കി 42 എണ്ണം ഇനിയും നികത്തും.
നാളെയും മറ്റന്നാളും ഇതുതന്നെ പറയും. ഹൈക്കോടതി പരാമര്‍ശങ്ങളും സി.പി.ഐ. നിലപാടുമാണു രാജിയിലേക്കു നയിച്ചതെന്നു ചേന്നങ്കരിയിലെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തോമസ് ചാണ്ടി പറഞ്ഞു. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഒരുപാടു തെറ്റുകളുണ്ട്. കരിവേലിപ്പാടത്ത് റിസോര്‍ട്ടുള്ള സ്ഥലത്ത് തനിക്ക് ഒരു സെന്റ് ഭൂമി പോലുമില്ല.
ആദ്യറിപ്പോര്‍ട്ടിലെ അബദ്ധങ്ങള്‍ രണ്ടാമത്തേതിലും ഒഴിവാക്കിയില്ല. തന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്പ്പെടുത്തിയതിനെതിരേയാണു െഹെക്കോടതിയെ സമീപിച്ചത്. രാജിയെക്കുറിച്ചു മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ താന്‍ അതേക്കുറിച്ചു ചിന്തിച്ചിരുന്നുപോലുമില്ല. രാജി ആരുടെയും സമ്മര്‍ദം മൂലമല്ല. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. സി.പി.ഐ. മന്ത്രിമാര്‍ മുന്നണിമര്യാദ കാട്ടിയില്ലെന്നും ആരോപിച്ചു. രാജി നിരുപാധികമാണെന്നു പറയുമ്പോഴും, പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്കു മന്ത്രിയുണ്ടാകുമെന്നുറപ്പിച്ച് എന്‍.സി.പി. നേതൃത്വം.
എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരും (തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്) ആരോപണവിധേയരായി മന്ത്രിസ്ഥാനം രാജിവച്ചവരാണ്. ഇവരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് എന്‍.സി.പി. സംസ്ഥാനാധ്യക്ഷന്‍ ടി.പി. പീതാംബരന് പ്രഖ്യാപിച്ചു. കായല്‍ െകെയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജിയില്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ സുപ്രീം കോടതിവിധിയുണ്ടായാല്‍ അദ്ദേഹം വീണ്ടും മന്ത്രിയാകും.
അശ്ലീല സംഭാഷണക്കേസില് എ.കെ. ശശീന്ദ്രനാണ് അതിനുമുമ്പ് കുറ്റവിമുക്തനാകുന്നതെങ്കില്‍ അദ്ദേഹമാകും മന്ത്രി. ശശീന്ദ്രന് കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണെന്നും പീതാംബരന് പറഞ്ഞു. രാജിക്കാര്യത്തില്‍ സി.പി.ഐയോട് എന്‍.സി.പിക്കു വിരോധമില്ല. പ്രശ്നം അവരുമായി ചര്‍ച്ചചെയ്യുമെന്നും പീതാംബരന് പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനത്തേക്കു പരീക്ഷിക്കാന്‍ എന്‍.സി.പിക്ക് ഇനി എം.എല്‍.എയില്ല.
ഫോണ്‍ വിവാദത്തില്‍ കുടുങ്ങി സ്ഥാനമൊഴിയേണ്ടിവന്ന എ.കെ.ശശീന്ദ്രനു പിന്നാലെ തോമസ് ചാണ്ടിയും രാജിവച്ചതോടെ കളങ്കിതരല്ലാത്ത ആരുമില്ല എന്‍.സി.പിക്കു മന്ത്രി സ്ഥാനത്തേക്കു ചൂണ്ടിക്കാട്ടാന്‍. പകരം ആരെന്ന ചോദ്യം എന്‍.സി.പിയെ മാത്രമല്ല സി.പി.എമ്മിനെയും വിഷമവൃത്തത്തിലാക്കി. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെങ്കിലും വീണ്ടും എ.കെ. ശശീന്ദ്രനു നല്കുന്നതില് സി.പി.എമ്മും മുഖ്യമന്ത്രിയും യോജിപ്പില്ല. ഇടതു മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കും ഇതേ നിലപാടാണ്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് സി.പി.എമ്മിന്റെ മന്ത്രിയായ ഇ.പി. ജയരാജന് രാജിവച്ചപ്പോള്‍ വകുപ്പ് മുഖ്യമന്ത്രി തന്നെ നിലനിര്‍ത്തി. തോമസ് ചാണ്ടിയുടെ രാജിയോടെ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിക്കാവുമെങ്കിലും മുന്നണിയിലെ ഘടകകക്ഷിക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനവും വകുപ്പുകളും എന്ന രാഷ്ട്രീയമര്യാദ പ്രശ്നമായിത്തുടരും.
രാജ്യത്തു മറ്റു സംസ്ഥാനങ്ങള്‍ കൂടി കണക്കിലെടുത്താലും ആകെ ഒറ്റ മന്ത്രിസ്ഥാനമുള്ള എന്‍.സി.പിക്ക് രാജിവയ്ക്കുന്ന കാര്യം അങ്ങേയറ്റം പ്രതിസന്ധിയുണ്ടാക്കുന്നതായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് എന്‍.സി.പി നേതൃത്വത്തോട് തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയും മുന്നണിയും ആവശ്യപ്പെട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ ഏറ്റെടുക്കാനാണ് സാധ്യത. എന്നാല്‍, കെ.എസ്.ആര്.ടി.സിയുടെ കടക്കെണി അടക്കമുള്ള വലിയ ബാധ്യതകള്‍ മുന്നിലുള്ളതിനാല്‍ വകുപ്പിന്റെ ചുമതല മറ്റേതെങ്കിലും മന്ത്രിക്കു െകെമാറാനും സാധ്യതയുണ്ട്.






