
കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിന് അപ്പസമയത്തിനകം കിക്കോഫ് കുറിക്കും. ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയെ നേരിടും. കഴിഞ്ഞ സീസണിലെ മധൂരപ്രതികാരത്തിനായിട്ടു തന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കൊല്‍ക്കത്തയോട് മധുരപ്രതികാരം ചെയ്ത് ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് പോയിന്റുകള്‍ ബ്ലാസ്റ്റേഴ്സ് തങ്ങള്‍ക്ക് സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.
ഉദ്ഘാടന മത്സരം ഒരു മഞ്ഞപ്പട മഹാസംഗമം ആക്കി മാറ്റാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മഞ്ഞപ്പടയുടെ പ്രസിഡന്റ് എല്‍ദോസ് പറഞ്ഞു. റെനി മ്യൂളന്‍സ്റ്റീന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പടയ്ക്ക് കരുത്തായി ദിമിത്താര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, കറേജ് പെകൂസന്, അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ് തുടങ്ങിയ പുതുനിരയും ടീമില്‍ ഉണ്ട്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത വിട്ട് തിരിച്ചെത്തുന്ന ആരാധകരുടെ സ്വന്തം ഇയാന്‍ ഹ്യൂം. പിന്‍നിരയിലാണെങ്കിലും മുന്നില്‍ നിന്ന് നയിക്കാന്‍ സന്ദേശ് ജിങ്കാന്. മലയാളിപ്പെരുമ കാത്ത് സി.കെ വിനീതും റിനോ ആന്റോയും അജിത് ശിവനും കെ. പ്രശാന്തും മഞ്ഞപ്പടയുടെ മാറ്റ്കൂട്ടുന്നു. മുന്‍ സീസണുകളെക്കാള്‍ സന്തുലിത ടീമുമായിട്ടാണ് മഞ്ഞപ്പട എത്തുന്നത്.
അത്ലറ്റിക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ച് അമര്‍ തൊമര്‍ കൊല്‍ക്കത്തയെന്ന പേരിലാണ് ചാമ്പ്യന്മാര് ഇറങ്ങുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബീ കീന്‍, കാള്‍ ബേക്കര്‍, ജയേഷ് റാണെ എന്നിവര്‍ പരുക്കിന്റെ പിടിയിലാണെങ്കിലും കൊല്‍ക്കത്ത പോരിന് സജ്ജമെന്ന് കോച്ച് ടെഡി ഷെറിംഗ്ഷാം വ്യക്തമാക്കി.
മുന്‍ സീസണുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്താവണ അരയും തലയും മുറുക്കി അങ്കപ്പുറപ്പാടിനൊരുങ്ങി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്.






