
ബെയ്ജിംഗ്: ടിബറ്റില്‍ ശക്തമായ ഭൂചലനം. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റ് സ്വതന്ത്രഭരണ പ്രദേശമായ നയിഗ്ചിയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം അരുണാചല്‍ പ്രദേശിലും ഉണ്ടായി. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് ഇന്നു പുലര്‍ച്ചെ ശക്തമായ ഭൂചലനം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകന്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 6.34നാണ് ഭൂചലനമുണ്ടായത്.
10 കിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടാക്കുന്ന വിധം ടിബറ്റിനെ ഭൂകമ്പം കുലുക്കിയതായി ഷിന്ചുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ കുലുക്കത്തിനു ശേഷം 8.31 ഓടെ വീണ്ടും അതേ പ്രദേശത്ത് തന്നെ ഭൂചലനം ഉണ്ടായി. രണ്ടാമത്തെ കുലുക്കം ഏകദേശം ആറു കിലോമീറ്റര്‍ ആഴത്തിലുള്ളവയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈദ്യുതി ബന്ധവും താറുമാറായി.






