പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോണ് വീഡിയോ കാണിച്ച യുവാവിന് ആറ് മാസം കഠിന തടവ്. പൂനെയിലാണ് സംഭവം. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഞ്ജയ് ഓംപ്രകാശ് പ്രദേശി എന്ന യുവാവാണ് പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചത്. വിവാഹിതനായ പ്രദേശിന് പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചത്.
വിചാരണാ വേളയില്‍ പെണ്‍കുട്ടിയുടെ അമ്മ, പ്രദശിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ ഇത് തന്റെ കാമുകനെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് നിരീക്ഷിച്ച കോടതി യുവാവിനെ ശിക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും വിശ്വാസത്തിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. സ്കൂളിലെ അധ്യാപികമാരോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞിരുന്നു. ഇതും കോടതിയില്‍ തെളിവായി മാറി. പ്രദേശിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയ അശ്ലീല വീഡിയോകളുടെ ഡിജിറ്റല്‍ തെളിവും ഇയാള്‍ക്കെതിരായി മാറി.
അനുവാദമില്ലാതെ പോണ് കാണിക്കുന്നത് തടയുന്നതിനുള്ള ഐ.പി.സി സെക്ഷന്‍ 354 (എ) പ്രകാരമാണ് പ്രദേശിന് ശിക്ഷ വിധിച്ചത്. കൂടാതെ പ്രദേശ്, പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും കേസുണ്ട്.






