കോട്ടയം: തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനേയും സ്വന്തം മുന്നണിയെ തന്നെയും പ്രതിസന്ധിയിലാക്കിയ സി.പി.ഐക്കും അവര്‍ ഭരിക്കുന്ന റവന്യു വകുപ്പിനും ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റത്തില്‍ മൗനം. കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്തെ കുമരകം പഞ്ചായത്തിലെ പള്ളിച്ചിറയില്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോര്‍ട്ട് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും ഭൂമി കയ്യേറിയും അനധികൃതമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് കുമരകം പഞ്ചായത്ത്. പുറമ്പോക്ക് ഭൂമി കയ്യേറി മതില് കെട്ടുക, കായല്‍ വളച്ചെടുക്കുക, തോട് കയ്യേറി നികത്തുക തുടങ്ങിയ പരാതികളാണ് റിസോര്ട്ടിനെതിരെയുള്ളത്.
റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുമരകം പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വസ്തുതയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് പഞ്ചായത്തിന് കൈമാറാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നിട്ടും റവന്യൂ വകുപ്പ് ഒളിച്ചുകളി തുടരുകയാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് എ.പി സാലിമോന്‍ പറഞ്ഞു. റിസോര്‍ട്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2016ലാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി പഞ്ചായത്തിന് കൈമാറാന്‍ ഹൈക്കോടതി തഹസില്‍ദാരോട് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2016 ഒക്ടോബര്‍ 20ന് തഹസില്‍ദാര്‍ പഞ്ചായത്തിന് കത്ത് നല്കി. തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി കൂടുകയും കയ്യേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കത്ത് നല്കി ഒന്‍പത് മാസം കഴിഞ്ഞാണ് തഹസില്‍ദാര്‍ പ്രതികരിക്കാന്‍ തന്നെ തയ്യാറായത്.
കാലതാമസത്തിനെതിരെ പഞ്ചായത്ത് പ്രതിഷേധിച്ചതോടെ അഡീഷണല്‍ സര്‍വേയറെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തി. പഞ്ചായത്തിന്െ്ട ഭാഗത്ത് നിന്ന് അസിസ്റ്റന്റ് സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, രണ്ട് പ്യൂണ്മാര് എന്നിവരേയും നിയമിച്ചു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കാതെ റവന്യു വകുപ്പ് ഒളിച്ചുകളി തുടരുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും അടക്കം പരാതി നല്കാന് പഞ്ചായത്ത് തയ്യാറായത്. ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ടിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് പഞ്ചായത്ത് സെക്രട്ടറി റവന്യൂ വകുപ്പിന് കത്തെഴുതിയിരുന്നു. അതിനും മറുപടി ലഭിച്ചിട്ടില്ല.






