
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. നേരത്തെ മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നടിയെ വിളിച്ച് മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കാന്‍ പോലീസ് നീങ്ങിയത്.
എന്നാല്‍ നടി അസൗകര്യം അറിയിച്ചതോടെ കേസില്‍ ദിലീപിനെതിരെ സാക്ഷിയാക്കുന്നതില്‍ നിന്ന് ഇവരെ ഒഴിവാക്കുന്നുവെന്നാണ് വ്യക്തമായ സൂചനകള്‍. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി അറിയാന്‍ മഞ്ജു വാര്യരെ പോലീസ് രണ്ടുതവണ ചോദ്യംചെയ്തിരുന്നു. കേസില്‍ തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക.
ഗൂഢാലോചനക്കേസില്‍ സാഹചര്യത്തെളിവുകള്‍ പോലും നിലനില്‍ക്കുന്നതല്ലെന്ന തിരിച്ചറിവിലാണ് എങ്ങനെയും കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ദിലീപിനെ ചികിത്സിച്ച ഡോക്ടറെ പ്രതിയാക്കാന്‍ അവസാനനിമിഷം പോലീസ് ശ്രമിച്ചതും കാര്യമായ തെളിവു ലഭിക്കാത്തതിനേത്തുടര്‍ന്നാണ് എന്നാണ് സൂചനകള്‍. തന്നെക്കൊണ്ടു കൃത്യം ചെയ്യിച്ചത് ദിലീപാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയാണ് പോലീസിന്റെ പക്കലുള്ള ഏക തെളിവ്. അതിനു ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെയും നാദിര്‍ഷായെയും ജയിലില്‍നിന്നു പലതവണ വിളിച്ചതിന്റെ രേഖയുണ്ട്.
കളമശേരി എ.ആര്. ക്യാമ്പിലെ പോലീസുകാരന് അനിഷീനെ പ്രതിയാക്കിയെങ്കിലും 164-ാം വകുപ്പു പ്രകാരം മൊഴിയെടുക്കാന്‍ കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ മാപ്പുസാക്ഷിയാക്കി ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണു ശ്രമം. അനീഷ് ഫോണ്‍ നല്കിയതു പോലീസിന്റെ അറിവോടെയാണെന്നു പ്രതിഭാഗം വാദിക്കുന്നു. മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി തലയൂരാനാണു പോലീസിന്റെ നീക്കം.അനീഷിനെകൊണ്ട് ഇതു ചെയ്യിപ്പിച്ചതു പോലീസിലെ ചില ഉന്നതരാണെന്നും പ്രതിഭാഗം ആരോപിക്കുന്നു. തന്റെ ഫോണിന്റെ സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞെന്നാണു അനീഷ് പറയുന്നത്. ഇതും കോടതിയില്‍ നിലനില്‍ക്കില്ല. സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി, ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാല്‍ എന്നിവരും മാപ്പുസാക്ഷിയാണ്.
കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ സുനി എത്തിയെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, സിസി.ടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അതും പൊളിഞ്ഞു. ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍വച്ചു പള്‍സര്‍ സുനിയും ദിലീപും കണ്ടതിന്റെ രണ്ടുചിത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും വ്യാജമാണെന്നു പരിശോധനയില്‍ തെളിയുകയായിരുന്നു. പള്‍സറും ദിലീപും പലവട്ടം ഒരേ ടവര്‍ ലോക്കേഷനില്‍ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങളാണു മറ്റൊന്ന്. നാലു കിലോമീറ്റര്‍ ദൂരം ഒരു ടവറില്‍ നിന്നുള്ള പ്രസരണം ലഭിക്കുമെന്നാണു മറുവാദം. ദിലീപും താനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണു ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. 24 പേര് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു കേസില്‍ ഇത്രയും പേര് രഹസ്യമൊഴി നല്‍കിയിട്ടില്ല. മുന്നൂറിലധികം സാക്ഷിമൊഴികളുമുണ്ട്.






