
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തു നിന്നും അധ്യക്ഷ പദവിയിലേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം. ഡിസംബര്‍ അഞ്ചിന് രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും.
കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ഇതുപ്രകാരം അടുത്തമാസം ഒന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ നാലിനാണ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടി വന്നാല്‍ ഡിസംബര്‍ 16 നും ഫലപ്രഖ്യാപനം 19 നും ഉണ്ടാകും. അതേസമയം, മറ്റ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്താനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സൂക്ഷ്മ പരിശോധനാ ദിവസമായ ഡിസംബര്‍ അഞ്ചിനു തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും.
ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എഐസിസിയുടെ പ്ലീനറി സമ്മേളനത്തിലാകും അധ്യക്ഷ പദവി ഔപചാരികമായി ഏറ്റെടുക്കുക. പ്രവര്‍ത്തക സമിതിയിലേയ്ക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. മറ്റ് അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ അധ്യക്ഷനാകണമെന്ന വികാരം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10-ാം നമ്പര്‍ ജന്‍പഥില്‍ രാവിലെ വര്‍ക്കിങ് കമ്മറ്റിയോഗം ചേരുകയും രാഹുലിനെ തെരഞ്ഞെടുക്കാനുള്ള സമയക്രമത്തിന് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കുകയുമായിരുന്നു.






