
നാല്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കൊക്കകോള ഇന്ത്യയില്‍ വീര്യം കൂടിയ പുതിയ ശീതള പാനീയം അവതരിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കൊക്കകോളയുടെ രണ്ടാമത്തെ ബ്രാന്‍ഡായ തംസ് അപ്പിന്റെ പുതിയ വേരിയന്റാണ് ചൊവാഴ്ച ലോഞ്ച് ചെയ്തത്. 'മാസാ' ആണ് കൊക്കകോളയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബ്രാന്‍ഡ്. ഏറെ വീര്യം കൂട്ടി പുറത്തിറക്കിയിരിക്കുന്ന പുതിയ തംസ് അപ്പ് തത്കാലം 14 പ്രമുഖ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാവുകയെന്നു കമ്പനി അറിയിച്ചു.
പുതിയ പാനീയം വരുന്നതോടെ കോളയുടെ ഇന്ത്യയിലെ വിറ്റുവരവ് അടുത്ത രണ്ടു വര്‍ഷത്തിനിടെ 6500 കോടി രൂപ കവിയുമെന്നു കരുതുന്നു. നിലവില്‍ 5200 കോടിയാണ് കമ്പനിയുടെ വിറ്റുവരവ്.
ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും മികച്ച മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയാണെന്ന് കൊക്കക്കോള കമ്പനി സി ഇ ഒ ജെയിംസ് ക്വിന്‍സി പറഞ്ഞു. അതുകൊണ്ട് ഇന്ത്യയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായാണ് വീര്യം കൂടിയ ഡ്രിങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യ പസഫികിലെ 25 വിവിധ മാര്‍ക്കറ്റുകളില്‍ പ്രത്യേകം ശ്രദ്ധയുണ്ടാകും ഇതില്‍ 14 എണ്ണം ഇന്ത്യയിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ കൊക്കകോള ഉത്പന്നങ്ങള്‍ വിറ്റഴിയുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി മൂല്യവര്‍ധിത ഉല്പന്നങ്ങള് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കൃഷിയിടങ്ങളില്‍ നിന്ന് പഴങ്ങള്‍ ശേഖരിച്ചു ജ്യൂസുകള്‍ വിപണിയിലെത്തിക്കുന്ന 'ഫ്രൂട് സര്‍ക്കുലര്‍ ഇക്കോണമി' എന്ന പദ്ധതിയും കൊക്കക്കോള അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജ്യൂസ് വിതരണ കേന്ദ്രങ്ങളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 26 ലക്ഷമായി ഉയര്‍ത്തുമെന്ന് ക്വിന്‍സി പറഞ്ഞു.






