
കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് ശേഷം പോലീസ് സമര്‍പ്പിക്കും. കേസില്‍ 12 പ്രതിളാണുള്ളത്. മുഖ്യപ്രതി പള്‍സര്‍ സുനി, കൂട്ടാളികളായ വിജീഷ്, മണികണ്ഠന്, വടിവാള്‍ സലിം, മാര്ട്ടിന്, പ്രദീപ് എന്നിങ്ങനെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ലി ആണ് ഏഴാം പ്രതി. നടന് ദിലീപ് എട്ടാം പ്രതിയാകും, മേസ്തിരി സുനില്‍, വിഷ്ണു, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.
ദിലീപിന്റെ ഭാര്യ മഞ്ജുവാര്യര്‍ മുഖ്യസാക്ഷിയാകുന്ന കേസില്‍ ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണിയേയും ദിലീപിനെ ചികിത്സിച്ച ഡോ.ഹൈദരലിയേയും സാക്ഷികളാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് കത്തയച്ച സഹതടവുകാരന് വിപിന്‍ലാലും ആലുവ പോലീസ് ക്ലബില്‍ വച്ച് പള്‍സര്‍ സുനിക്ക് ദിലീപിനെ ബന്ധപ്പെടാന്‍ സഹായം ചെയ്ത എ.ആര് ക്യാംപിലെ പോലീസുകാരന് അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാകും.
ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്നാണ് സൂചനകള്‍. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവ്, പള്‍സറിന്റെ അമ്മയുടെ അക്കൗണ്ടില്‍ പണം എത്തിയതുമായി ബന്ധപ്പെട്ട തെളിവ്, ശാസ്ത്രീയ തെളിവുകള്‍ തുടങ്ങിയ ദിലീപിനെതിരെ ആയുധമാക്കാമെന്ന വിശ്വാസത്തിലാണ് പോലീസ്. ആയിരത്തോളം പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ സിനിമയില്‍ നിന്നുള്ള 50 പേര് അടക്കം 355 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്. 450 ഓളം രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഗൂഢാലോചന, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 17 ഓളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.






