
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വനിതാ യുവ ഡോക്ടറുടെ ക്ഷോഭത്തിന് ഇരയായത് തെറ്റിദ്ധാരണമൂലമാണെന്ന് വിമാനത്താവള അധികൃതര്‍. രാഷ്ര്ടപതിയുടെ യാത്രക്കുവേണ്ടിയാണ് മൂന്നു വിമാനങ്ങള്‍ വൈകിപ്പിച്ചത്. രണ്ടു മണിക്കൂറോളം വിമാനങ്ങള്‍ വൈകി. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളൊന്നും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാരണമാണ് വിമാനം വൈകിയതെന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ വിമാനം വൈകിയതിന് യുവതി കണ്ണന്താനത്തോട് തട്ടിക്കയറിയത്. ഗുരുതര നിലയില്‍ കിടക്കുന്ന രോഗിയെ ചികിത്സിക്കാന്‍ യാത്ര തിരിച്ച വനിതാ ഡോക്ടറാണ് മന്ത്രിയോട് ക്ഷുഭിതയായി തട്ടിക്കയറിയത്. 2.45 നു പുറപ്പെടേണ്ട വിമാനമാണ് വിവിഐപിക്കുവേണ്ടി അധികൃതര്‍ വൈകിപ്പിച്ചത് എന്നു കരുതിയാണ് യുവതി മന്ത്രിയോട് തട്ടിക്കയറിയത്. മന്ത്രിയോട് ക്ഷുഭിതയാകുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടിരുന്നു.
കൈചൂണ്ടി തട്ടിക്കയറുന്ന യുവതിയെ ശാന്തയാക്കാന് മന്ത്രി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും, വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുത്തിത്തരണമെന്നും ഡോക്ടര്‍ മന്ത്രിയോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനോടും യുവതി ദേഷ്യപ്പെടുന്നുണ്ട്.
യുവതി ക്ഷോഭിക്കുന്ന കണ്ടാണ് താന്‍ അവരുടെ അടുത്തേക്ക് പോയതെന്നും, രാഷ്ട്രപതി വരുന്നതിനെ തുടര്‍ന്നാണ് വിമാനം വൈകുന്നതെന്നും യുവതിയോട് വ്യക്തമാക്കിയതായും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.






