
ചണ്ഡീഗഢ് : അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്ന് മൃതദേഹം എട്ട് കഷണങ്ങളാക്കിയ കേസില്‍ സ്ത്രീയ്ക്ക് 30 വര്‍ഷം തടവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ പൂജയ്ക്കാണ് തടവു ശിക്ഷ. കേസില്‍ ശിക്ഷ വിധിച്ച ഹരിയാനയിലെ ഝജ്ജാര്‍ കോടതി നാലുപേരെ വെറുതെ വിട്ടു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഝജ്ജാര്‍ ജില്ലയിലെ അസാന്‍ഡ ഗ്രാമത്തിലാണ് 38 കാരനായ ബജ്ലീത് കൊല്ലപ്പെടുന്നത്. അവിഹിതത്തിന് ഭര്‍ത്താവ് തടസ്സം നിന്നതാണ് കൊലയിലേയ്ക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ജേഷ്ഠനെ കാണാനില്ലെന്ന ബജ്ലീതിന്റെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മറനീക്കിയത്. ബജ്ലീതിനെ അന്വേഷിച്ച് സഹോദരി വീട്ടിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും ഭാര്യയില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ വീട്ടിലെ അടച്ചിട്ട മുറിയില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ വിവിധയിടങ്ങളില്‍ നിന്നായി ബജ്ലീതിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.






