
ബംഗളുരു: ഭര്‍ത്താവിന്റെ മദ്യാസക്തി ചികിത്സിക്കുന്നതിന് യുവതി രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. റിട്ടയേര്‍ഡ് നേഴ്സിന് 21,000 രൂപയ്ക്കാണ് യുവതി കുഞ്ഞിനെ വിറ്റത്. കടുത്ത മദ്യപാനിയായ ഭര്‍ത്താവിന്റെ മദ്യാസക്തി ചികിത്സിച്ച് മാറ്റുന്നതിനുള്ള തുക കണ്ടെത്തുന്നതിനാണ് യുവതി തന്റെ കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ നേഴ്സ് പിന്നീട് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റു.
കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. ജില്ലാ ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച ഊമക്കത്ത് മുഖേനയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ കര്‍ണാടക വനിതാ ശിശുക്ഷേമ മന്ത്രാലയം ഇടപെട്ട് രക്ഷിച്ചു. കുട്ടിയെ വിറ്റ മാതാവും ആദ്യം വാങ്ങിയ നേഴ്സും പിന്നീട് വാങ്ങിയ ദമ്പതികളും അടക്കം സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഹാസന് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ജ്യോതി എന്ന യുവതിയാണ് കുട്ടിയെ വിറ്റതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. രംഗോളിഗുണ്ടി സ്വദേശിനിയായ ശാന്തമ്മ എന്ന നേഴ്സിനാണ് ഇവര്‍ കുട്ടിയെ വിറ്റത്. ഇവര്‍ മറ്റൊരു ദമ്പതികള്‍ക്ക് കുട്ടിയെ മറിച്ചുവിറ്റു. ബേലൂര്‍ സ്വദേശിനിയായ മഞ്ജുള ദേവരാജ് എന്ന യുവതിക്കാണ് അവസാനമായി കുട്ടിയെ കൈമാറിയത്. ഇവരില്‍ നിന്ന് വീണ്ടെടുത്ത കുട്ടിയെ ഇപ്പോള്‍ കാമധേനു ചൈല്‍ഡ് സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.






