
ന്യൂഡല്‍ഹി : താന്‍ ജയലളിതയുടെ മകളാണെന്ന അവകാശവാദം സ്ഥാപിച്ചുകിട്ടാന്‍ ഡി.എന്‍എ പരിശോധനയ്ക്ക് നിര്‍ദേശിക്കണമെന്നും ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ 'രഹസ്യപുത്രി' എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ 37 കാരിയായ അമൃതയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
ബന്ധുക്കളായ എല്‍.എസ് ലളിത, രഞ്ജിനി രവീന്ദ്രനാഥ് എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അമൃത ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മകളാണ് താനെന്നും ബംഗുളൂരുവില്‍ ജയലളിതയുടെ മുതിര്‍ന്ന സഹോദരി ഷൈലജയും അവരുടെ ഭര്‍ത്താവ് സാരതിയുമാണ് തന്നെ വളര്‍ത്തിയത് എന്നുമാണ് അമൃതയുടെ അവകാശവാദം.
സാരതി അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടു മുന്‍പാണ് താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തിയതെന്നും അമൃത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്നു മുതല്‍ ജയലളിതയുമായി ബന്ധപ്പെടാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വി.കെ ശശികലയും സംഘവുമാണ് വിലങ്ങുതടിയായതെന്നും ഇവര്‍ പറയുന്നു.
1980 ഓഗസ്റ്റ് 14 ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് താന്‍ ജനിച്ചതെന്നും ജയലളിതയുടെ ആദരവിന് ഇടിവു തട്ടാതിരിക്കാനും കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്താതിരിക്കാനുമാണ് താന്‍ ആരാണെന്ന് രഹസ്യമാക്കി വച്ചതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയയെ സന്ദര്‍ശിക്കാന്‍ നാലു തവണ ശ്രമിച്ചുവെങ്കിലും ശശികലയുടെ നിര്‍ദേശത്താല്‍ സുരക്ഷാ ഭടന്മാര് തന്നെ ആട്ടിയകറ്റിയെന്നും മരണശേഷം മൃതദേഹം അടക്കം ചെയ്യണമെന്ന് ജയ ആഗ്രഹിച്ചിരുന്നില്ലെന്നും അമൃത അവകാശപ്പെടുന്നു. ജയയുടെ മകളാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി സുപ്രീംകോടതി ജഡ്ജിമാര്‍ സിബിഐ എന്നിവര്‍ക്കൊക്കെ കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അമൃതയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.






