
ബാലി : ഇന്തോനേഷ്യയിലെ മൗണ്ട് അഗംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും ബാലി വിമാനത്താവളം അടച്ചു. അഗ്നിപര്‍വതത്തില്‍ നിന്നും ചാരവും പുകയും വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ വിമാനത്താവളം അടച്ചിടാന്‍ നിര്‍ബന്ധിതരായത്.
അഗ്നിപര്‍വതങ്ങളില്‍ നിന്നും വമിക്കുന്ന ചാരം വിമാന എഞ്ചിനുകള്‍ക്ക് ദോഷകരമാണ് എന്നതും വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണമായി. 196 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 445 വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം റദ്ദാക്കി. 1.2 ലക്ഷത്തിന് അടുത്ത് വിനോദ സഞ്ചാരികള്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസ ഉണ്ടായ സ്ഫോടനത്തില്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറത്തു വന്ന അവശിഷ്ടങ്ങളും പുകയും 13,100 അടി ഉയരത്തിലാണ് പറന്നു പൊങ്ങിയത്. സെപ്റ്റംബറില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്നും ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.






