
കൊച്ചി: മുന്‍ ബോര്‍ഡിന്റെ കാലത്തെ അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുന്‍ ബോര്‍ഡംഗം അജയ് തറയിലിന്റെ പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ ബോര്‍ഡ് ആസ്ഥാനത്തുനിന്നു തെറിപ്പിച്ചു.
അജയ് തറയിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കൃഷ്ണകുമാര്‍ വാര്യരാണു തെറിച്ചത്. കമ്മിഷന് ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റ് തസ്തികയില്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് കൃഷ്ണകുമാറാണ്.
ഒരേ സമയം രണ്ടു പദവിയാണ് ഇദ്ദേഹം വഹിച്ചിരുന്നത്. ഇതു ചട്ടം ലംഘിച്ചാണെന്നും ആരോപണമുണ്ട്. തിരുവല്ലം ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നേരിട്ടിരുന്ന കൃഷ്ണകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി അജയ് തറയില്‍ അന്ന് നിയമിച്ചത് ചര്‍ച്ചയായിരുന്നു.
കമ്മിഷന് ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികള്‍, ബോര്‍ഡ് ആസ്ഥാനത്തെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്നാണു സൂചന. ചിലരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയപ്പോള്‍ മറ്റുചിലരെ ബോര്‍ഡ് ആസ്ഥാനത്തുനിന്നുതന്നെ മാറ്റാനാണു നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തുവരും.
മുന്‍ ബോര്‍ഡിന്റെ അഴിമതികള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഉദ്യോഗസ്ഥതല അഴിച്ചുപണിക്കും തീരുമാനമെടുത്തത്. പ്രസിഡന്റ് എ. പത്മകുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥ മാറ്റങ്ങള്‍ നടക്കുന്നത്.
പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ്തറയില്‍ അംഗവുമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന വെട്ടിപ്പ് ഉദ്യോഗസ്ഥ അറിവോടെയാണെന്നു സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു തലപ്പത്ത് കൂട്ട സ്ഥലമാറ്റം നടത്തുന്നത്. മുന്‍ ബോര്‍ഡിന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സ്ഥാനം നഷ്ടമായി. അന്നദാനം, കമ്പ്യൂട്ടര്‍വത്കരണം, ടെന്‍ഡര്‍ നടപടികള്‍, ഫണ്ട് വിനിയോഗം, എന്നീ ഇനങ്ങളിലാണു ക്രമക്കേട് നടന്നത്.
ഈ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം മാറ്റമുണ്ടാകുമെന്നാണ് സൂചന. പലര്‍ക്കും ഇന്നലെ മുതല്‍ തന്നെ സ്ഥലമാറ്റ ഉത്തരവുകള്‍ നല്കി തുടങ്ങി. ബോര്‍ഡിന്റെ കീഴിലുള്ള മറ്റുക്ഷേത്രങ്ങളിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ പട്ടികയും ഉടന്‍ പുറത്തിറങ്ങും.





