
തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര ക്രമക്കേടും അഴിമതിയും നടന്നെന്ന ''മംഗളം'' വാര്‍ത്തകള്‍ ശരിവച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ക്രമക്കേടുകളില്‍ വിശദ അന്വേഷണം ശിപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ഇന്നലെ െകെമാറി.
വ്യാജരേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ യാത്രാപ്പടി െകെപ്പറ്റിയത്, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ കരാറിലെയും മരാമത്ത് വിഭാഗത്തിലെയും ക്രമക്കേടുകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നാണു ശിപാര്‍ശ. അഞ്ചിനു ചേരുന്ന ബോര്‍ഡ് യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നു പത്മകുമാര്‍ അറിയിച്ചു.
വ്യാജരേഖകളുപയോഗിച്ച് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ലക്ഷങ്ങള്‍ യാത്രാപ്പടി തരപ്പെടുത്തിയതിനെക്കുറിച്ചാണ് ദേവസ്വം വിജിലന്‍സ് ആദ്യം അന്വേഷിച്ചത്. ടൂര്‍ ജേണല്‍ പരിശോധിച്ചുള്ളപ്രാഥമിക അന്വേഷണത്തില്‍ത്തന്നെ ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ടു. ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോള്‍ യാത്രാപ്പടി െകെപ്പറ്റിയത് നിയമവിരുദ്ധമായാണെന്നും കണ്ടെത്തി.
മരാമത്ത് വിഭാഗത്തിലെ ക്രമക്കേടുകളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്യുന്നു. നൂറു കണക്കിനു രേഖകള്‍ പരിശോധിക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണ സംവിധാനമുള്ള മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണം. പ്രാഥമിക പരിശോധനയില്‍ മരാമത്തില്‍ ബജറ്റിലുള്ളതിനേക്കാള്‍ അധികതുക അനുവദിച്ചതായി കണ്ടെത്തി. ക്ഷേത്രങ്ങളിലും ശബരിമലയിലും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് കരാര്‍ നല്‍കിയതിലും ശബരിമലയിലെ അന്നദാനത്തിന് തുക ചെലവഴിച്ചതിലും വന്‍ ക്രമക്കേട് നടന്നു.
പ്രയാര്‍ അധ്യക്ഷനായ ബോര്‍ഡ് നടത്തിയ താല്‍ക്കാലിക നിയമനങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതായി സൂചനയുണ്ട്. ബോര്‍ഡിലെ മറ്റൊരു അംഗമായ കെ. കുമാരന് വിവാദ തീരുമാനങ്ങളെടുത്ത പല ബോര്‍ഡ് യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി.എസ്. ജയകുമാറിന്റെ ഔദ്യോഗിക ഡയറികൂടി അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് പരിശോധിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതി ശിപാര്‍ശ ചെയ്യും. രണ്ടു വര്‍ഷത്തെ ഭരണകാലയളവിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി 150 കോടിയുടെ ക്രമക്കേടും അഴിമതിയുമാണ് നടന്നത്. ദേവസ്വം വിജിലന്‍സ് എസ്.പി: പി. ബിജോയ്, എസ്.ഐ: പ്രശാന്ത് എന്നിവരാണ് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ചത്.






