
ജോണ്‍ സീനയെ അറിയാത്തവര്‍ നമ്മളില്‍ അധികം ആരും കാണില്ല. ഒരുകാലത്ത് റെസ്ലിംഗ് ഒക്കെ തലയ്ക്കുപിടിച്ചിരുന്ന കാലത്ത് മിക്കവരുടെയും ഹീറോയായിരുന്നു ജോണ്‍ സീന.എന്നാല്‍ താരത്തിനെതിരെ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്. എന്തണ് സംഭവം എന്നല്ലേ?.
450,000 ഡോളര്‍ വിലയുള്ള ഫോര്‍ട് ജിടി സൂപ്പര്‍ കാറിനെ വാഹനപ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. തെരഞ്ഞെടുത്ത 500 പേര്‍ക്കാണ് സൂപ്പര്‍കാറിനെ ഫോര്‍ഡ് നല്‍കിയത്. ഇക്കൂട്ടത്തില്‍ ജോണ്‍ സീനയും ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ കൈയ്യിലേക്ക് കിട്ടിയ ഉടനെ ജോണ്‍ സീന അവനെ മറിച്ചു വിറ്റു. ഇത് കമ്പനിയെ ചൊടിപ്പിക്കുകയും ചെയ്തു. വാങ്ങിയ കാര്‍ മറിച്ചു വില്ക്കുന്നതില് എന്താണ് തെറ്റെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇവിടെ കാരണമുണ്ട്.
ഫോര്‍ഡിന്റെ സൂപ്പര്‍കാറിന്റെ വില്‍പ്പന കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ വാഹനം വില്ക്കാന് സാധിക്കു. ഈ കരാര്‍ ജോണ്‍ സീന ലംഘിച്ചതാണ് കമ്പനിയെ ചൊടിപ്പിച്ചതും കോടതിയില്‍ കയറ്റിയതും.
യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വരെ നല്കി അത്യപൂര്‍വമായ ലിമിറ്റഡ് എഡിഷന് കാറുകളെ അതത് ഉടമസ്ഥരില്‍ നിന്നും സ്വന്തമാക്കാന്‍ 'അയോഗ്യരായ' മറ്റ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കള്‍ വില്പനകരാര് കൊണ്ടുവന്നതും. പ്രമുഖ കാര്‍ നിര്‍മാതാക്കളായ പോര്‍ഷ, ഫെരാരി, ആസ്റ്റണ്‍ മാര്ട്ടിന് തുടങ്ങി മുന്‍നിര കാര്‍നിര്‍മ്മാതാക്കളെല്ലാം ഈ കരാര്‍ പിന്തുടരുന്നുണ്ട്.
ലിമിറ്റഡ് എഡിഷന് സൂപ്പര്‍കാറിനെ കൂടുതല്‍ ലാഭത്തിന് ഉപഭോക്താവ് മറിച്ച് വിറ്റുവെന്ന് കമ്പനി കണ്ടെത്തിയാല്‍ പിന്നീട് ഒരിക്കലും ആ ഉപഭോക്താവിന് കാറുകളെ കമ്പനി വില്‍ക്കില്ല. ഇതാണ് വില്പനകരാര് ലംഘിച്ചാലുള്ള പതിവ് നടപടി.
ഫോര്‍ഡ് ജിടിയുടെ വില്പനയില് നിന്നും നേടിയ ലാഭം ഫോര്‍ഡിന് തിരികെ ഏല്പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഒപ്പം കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് 75,000 ഡോളര്‍ നഷ്ടപരിഹാരമായും ഫോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
2017 സെപ്തംബര്‍ 23ന് സ്വന്തമാക്കിയ കാര്‍ ജോണ്‍ സീന ഒക്ടോബര്‍ 20ന് കാറിനെ മറിച്ച് വിറ്റതായി കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു.