
ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ ഓരോ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഹാരിയറിന് പിന്നാലെ ടാറ്റ സഫാരി എസ്യുവിയുടെ (Tata Safari SUV) പുതിയ വിലയും വെളിപ്പെടുത്തിയിരിക്കുകയാണ്. 7-സീറ്റര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ ഡീസല്‍ പതിപ്പുകള്‍ക്ക് മാത്രമായിട്ടാണ് വില വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ വേണ്ടവര്‍ക്ക് പഴയ വിലയില്‍ തന്നെ വണ്ടി ഇപ്പോഴും വാങ്ങിക്കാനാവുന്നതാണ്.
വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 8,700 രൂപ മുതല്‍ 22,000 രൂപ വരെയാണ് സഫാരിക്ക് വില വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് എന്നീ ഡീസല്‍ വകഭേദങ്ങള്‍ക്കൊപ്പം പ്ലസ്, ഡാര്‍ക്ക്, സ്റ്റെല്‍ത്ത് എഡിഷന്‍ എന്നീ വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാക്കിയിട്ടുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കും ഇനി മുതല്‍ അങ്ങോട്ട് പുതിയ വില നല്‍കേണ്ടതായുണ്ട്. പുതുക്കിയ വില വര്‍ധനവ് പ്രകാരം സഫാരി ഡീസല്‍ ശ്രേണി ഇപ്പോള്‍ 14.75 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. വിലയില്‍ മാറ്റമുണ്ടാവുമെങ്കിലും എസ്യുവിയില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല
വിലയില്‍ മാറ്റമുണ്ടാവുമെങ്കിലും എസ്യുവിയില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. 6 അല്ലെങ്കില്‍ 7 സീറ്റര്‍ ഓപ്ഷനിലാണ് ടാറ്റ സഫാരി വിപണിയിലെത്തുന്നത്. 18 ഇഞ്ച് അലോയ് വീലുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ് എന്നീ മോഡേണ്‍ ഫീച്ചറുകളെല്ലാം സഫാരിയുടെ ഭാഗമാണ്. കൂടാതെ 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഹെഡ്ലൈറ്റുകള്‍, വൈപ്പറുകള്‍, ലെവല്‍ 2 ADAS പോലുള്ള ഫീച്ചറുകളും ടാറ്റയുടെ 7-സീറ്റര്‍ എസ്യുവിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ സഫാരി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ടെന്നത് സേഫ്റ്റി വേണ്ടവരെ പോലും ആകര്‍ഷിക്കുന്ന കാര്യമാണ്.
2.0 ലിറ്റര്‍ ഡീസല്‍ അല്ലെങ്കില്‍ പുതിയ 1.5 ലിറ്റര്‍ TGDi എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ സഫാരി വിപണനത്തിന് എത്തുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഡീസല്‍ എഞ്ചിന് 168 bhp കരുത്തില്‍ പരമാവധി 350 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം പുതിയ പെട്രോള്‍ എഞ്ചിന്‍ 168 bhp പവറില്‍ പരമാവധി 280 Nm ടോര്‍ക്ക് വരെയാണ് നല്‍കുക. പവറിനൊപ്പം നല്ല മൈലേജ് കണക്കുകളും ഈ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് നല്‍കാന്‍ കഴിയും.






