
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന പുതിയ S1 X+ 5.2 kWh മോഡല്‍ ഓല ഇലക്ട്രിക് പുറത്തിറക്കി. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത അത്യാധുനിക '4680 ഭാരത് സെല്‍' സാങ്കേതികവിദ്യയുമായി എത്തുന്ന ഈ സ്‌കൂട്ടര്‍, ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ ചിലവില്‍ സാധ്യമാക്കുന്നു. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെല്‍ (4680 Bharat Cell) സാങ്കേതികവിദ്യ ഈ സ്‌കൂട്ടറിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനും അതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വേഗത്തിലാക്കാനുമാണ് ഓല ലക്ഷ്യമിടുന്നത്.
1,29,999 രൂപയാണ് ഇതിന്റെ ആമുഖ വില. എന്നാല്‍ ഈ ആനുകൂല്യം 2026 ഏപ്രില്‍ 15 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രേമിയെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് S1 X+ 5.2 kWh വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ IDC റേഞ്ച് നല്‍കാന്‍ ഈ ഇവി സ്‌കൂട്ടറിന് സാധിക്കും. പരമാവധി 125 kmph വരെ വേഗതയില്‍ പായുന്ന ഈ ഇവി സ്‌കൂട്ടറില്‍ 11 kW മിഡ്-ഡ്രൈവ് മോട്ടോറാണ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സംയോജിപ്പിച്ച മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (Integrated MCU) മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും 'ബ്രേക്ക്-ബൈ-വയര്‍' (Brake-by-Wire) സാങ്കേതികവിദ്യയുമുള്‍പ്പെടെ അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളും ഓല ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് മികച്ച നിയന്ത്രണവും ഏത് സാഹചര്യത്തിലും സുരക്ഷിതമായി വാഹനം നിര്‍ത്താനും സഹായിക്കും. തമിഴ്‌നാട്ടിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.
സെല്‍ ഡെവലപ്‌മെന്റ് മുതല്‍ ബാറ്ററി പായ്ക്ക് നിര്‍മ്മാണം വരെ കമ്പനി നേരിട്ടാണ് ചെയ്യുന്നത്. ഈ വെര്‍ട്ടിക്കല്‍ ഇന്റഗ്രേഷന്‍ വഴിയാണ് ലോകോത്തര സാങ്കേതികവിദ്യ കുറഞ്ഞ ചിലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഓലയ്ക്ക് സാധിക്കുന്നത്.
നിലവിലെ ഓലയുടെ S1 പ്രോ പ്ലസ്, S1 പ്രോ തുടങ്ങിയ പ്രീമിയം മോഡലുകള്‍ വിവിധ ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്കായുള്ള S1 X, S1 X+ മോഡലുകളും കമ്പനി വിപണനം ചെയ്യുന്നു. ഇതിനുപുറമെ റോഡ്സ്റ്റര്‍ സീരീസിലുള്ള മോട്ടോര്‍സൈക്കിളുകളും ഓലയുടെ നിരയിലുണ്ട്.






