തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനശൈലയില്‍ ആര്.എസ്.എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. സംസ്ഥാന സര്‍ക്കാരും സി.പി.എം നേതൃത്വവുമായും കണ്ണന്താനം തുടരുന്ന അടുപ്പമാണ് ആര്.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഏറ്റവും ഒടുവില്‍ ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് കണ്ണന്താനം സ്വീകരിച്ചതും ആര്.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നാണ് സൂചന. തങ്ങളുടെ അതൃപ്തി ആര്.എസ്.എസ് നേതൃത്വം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കണ്ണന്താനം പ്രസ്താവന തിരുത്തിയതെന്നാണ് സൂചന.
ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് കണ്ണന്താനം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇത് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് കണ്ണന്താനം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. നവംബര്‍ 30നാണ് സംസ്ഥാന സര്‍ക്കാരിന് ഓഖി മുന്നറിയിപ്പ് നല്‍കിയതെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന.
ചാനലുകളില്‍ മന്ത്രിയുടെ പ്രസ്താവന ബ്രേക്കിംഗ് ന്യൂസ് ആയതോടെ ആര്.എസ്.എസ് നേതൃത്വം പ്രതിഷേധം അറിയിച്ചു. ഇതേതുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കണ്ണന്താനം പ്രസ്താവന തിരുത്തിയത്. 28ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് പുതിയ പ്രസ്താവന. കണ്ണന്താനം പ്രസ്താന തിരുത്തിയെങ്കിലും ആര്.എസ്.എസ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്.






