
തിരുവനന്തപുരം: സംഘര്‍ഷഭരിതമായ വിഴിഞ്ഞം തീരം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'സാഹസ'തീരുമാനത്തിനു പിന്നില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള സമ്മര്‍ദം. രണ്ടുദിവസം െവെകിയുള്ള സന്ദര്‍ശനം തീര്‍ത്തും അനവസരത്തിലാണെന്നറിഞ്ഞിട്ടും കഴിഞ്ഞ ഞായറാഴ്ച െവെകിട്ട് 6.15-നു മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ചില സി.പി.എം. നേതാക്കളുടെയും മന്ത്രിമാരുടെയും ഇടപെടലാണു മുഖ്യമന്ത്രിയെ അപമാനകരമായ അവസ്ഥയിലെത്തിച്ചത്.
സുരക്ഷാഭീഷണിയുണ്ടെന്നും മനഃപൂര്‍വം ചിലര്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും പോലീസ് അറിയിച്ചതിനാലാണു മുഖ്യമന്ത്രി ഓഖി ചുഴലിക്കാറ്റിന്റെ ആദ്യദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കിയത്. എന്നാല്‍, സന്ദര്‍ശനം ഇനിയും െവെകിച്ചാല് കാര്യമില്ലെന്നായിരുന്നു ജില്ലയിലെ ചില നേതാക്കളുടെ നിലപാട്. വിഴിഞ്ഞത്തു പാര്‍ട്ടിക്കുണ്ടായ വീഴ്ച വിലയിരുത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ന് അവിടം സന്ദര്‍ശിക്കും. മുഖ്യമന്ത്രി അപമാനിതനായതെങ്ങനെ എന്ന കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിന്റെ ഭാഗമായാണു കോടിയേരിയുടെ സന്ദര്‍ശനം. വിഴിഞ്ഞത്തു മുഖ്യമന്ത്രിയെ ജനക്കൂട്ടം തടയുകയും മന്ത്രിമാരെ കൂക്കിവിളിക്കുകയും ചെയ്തതു സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ഇപ്പോള്‍ നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ അതിന്റെ അനുരണനങ്ങളുണ്ടായിട്ടില്ല. ഞായറാഴ്ച രാവിലെമുതല്‍ വിഴിഞ്ഞം സംഘര്‍ഷഭരിതമായിരുന്നു. കടലില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തതിനാല്‍ തീരവാസികള്‍ പ്രകോപിതരായി; പലയിടത്തും റോഡ് ഉപരോധിച്ചു.
ഇതിനിടെ, മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിക്കാത്തതു ചിലര്‍ പ്രചാരണായുധമാക്കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും എത്തുന്നതറിഞ്ഞതോടെ പാര്‍ട്ടി കൂടുതല്‍ 'പ്രതിരോധ'ത്തിലാകുമെന്നു ജില്ലാനേതൃത്വം വിലയിരുത്തി. ഇതേത്തുടര്‍ന്നായിരുന്നു രണ്ടും കല്‍പ്പിച്ച് പിണറായിയുടെ സന്ദര്‍ശനം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം €ിഫ്ഹൗസില്നിന്നു പുറപ്പെട്ടു. സെഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി കമാന്‍ഡോകളുടെ എണ്ണം വര്‍ധിപ്പിച്ചു.
മുഖ്യമന്ത്രി എത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് പള്ളിക്കു ചുറ്റും കനത്ത പോലീസ് കാവലേര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ സഞ്ചാരം പോലീസ് കണ്ട്രോള് റൂമിന്റെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. വാഹനവ്യൂഹം തിരുവനന്തപുരം പ്രാവച്ചമ്പലം കവല പിന്നിട്ടതോടെ പോലീസിന്റെ രഹസ്യസന്ദേശമെത്തി. വിഴിഞ്ഞത്തു നാലു മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയെന്നും സ്ഥിതിഗതികള്‍ വഷളാണെന്നുമായിരുന്നു സന്ദേശം. വാഹനവ്യൂഹം വേഗം കുറച്ച്, സ്ഥലത്തു വൈകിയെത്തിയാല്‍ മതിയെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വേഗം കുറച്ച്, 20 മിനിറ്റോളം വൈകിയാണു വിഴിഞ്ഞത്തെത്തിയത്.
വിഴിഞ്ഞം പള്ളിയിലെത്തിയ മുഖ്യമന്ത്രി വികാരിയുമായി ചര്‍ച്ചനടത്തി. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും കടലില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ അശ്രാന്തപരിശ്രമം നടത്തുമെന്നും ഉറപ്പുനല്‍കി. തുടര്‍ന്നു പൂന്തുറയിലേക്കു പോകാന്‍ കാറില്‍ കയറുന്നതിനു 10 മീറ്റര്‍ അകലെ പൊടുന്നനെ ആള്‍ക്കൂട്ടം ഇരച്ചെത്തി. ആക്രോശത്തോടെ പാഞ്ഞടുത്തവരെ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പണിപ്പെട്ട് തടഞ്ഞുനിര്‍ത്തി. ഇതിനിടെ മുഖ്യമന്ത്രിയുടെ കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ വയര്‍ലെസ് ആന്റിന ഒടിച്ചെടുത്തു. പിന്നീട് അസഭ്യവര്‍ഷവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരേ തിരിഞ്ഞു. ഇതോടെ പന്തികേട് മണത്ത പോലീസ് മുഖ്യമന്ത്രിയെ മറ്റൊരു കാറില്‍ കയറ്റിവിടുകയായിരുന്നു.






