
ന്യൂഡല്‍ഹി : വക്കീല്‍ ഫീസ് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്നും നിയമം നല്ല രീതിയില്‍ പരിരക്ഷിക്കപ്പെടണമെങ്കില്‍ അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി. ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമ നിര്‍മ്മാണം നടത്തണം. അഭിഭാഷകര്‍ കേസ് നടത്തുന്നതിന് വലിയ ഫീസ് ആവശ്യപ്പെടുമ്പോള്‍ പാവപ്പെട്ടര്‍ക്ക് നീതി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.
മിടുക്കരായ അഭിഭാഷകര്‍ കനത്ത ഫീസ് വാങ്ങി വാദിക്കാന്‍ തുടങ്ങിയാല്‍ നിയമം എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചോദിക്കുന്നു. പണമില്ലാത്തതിനാല്‍ മികച്ച അഭിഭാഷകരില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുത്. അവര്‍ക്ക് കോടതി നല്കുന്ന ധന സഹായത്തിന്റെ വിഹിതം ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മിഷന് റിപ്പോര്‍ട്ടുകളും എടുത്തു പറഞ്ഞ ജസ്റ്റിസ്സുമാരായ ആദര്‍ശ് കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ അഭിഭാഷക ജോലി നീതിപൂര്‍വമാക്കാന്‍ നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അഭിപ്രായപ്പെടടു. നീതിന്യായ സംവിധാനത്തില്‍ അഭിഭാഷക ജോലിയ്ക്കുള്ള സുപ്രധാന സ്ഥാനമുണ്ട്. ഇത്തരം നടപടികള്‍ നിലനില്ക്കുമ്പോള് നീതി എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചോദിച്ചു. ലോ കമ്മിഷന് അഭിഭാഷകരുടെ മേഖലയില്‍ നിയന്ത്രണ സംവിധാനം വേണമെന്ന നിര്‍ദേശം വെച്ചതും കോടതി ഓര്‍മ്മിപ്പിച്ചു.






