ന്യുഡല്‍ഹി: ജീവിച്ചിരിക്കെ നവജാതശിശു മരിച്ചുവെന്ന് വിധിയെഴുതിയ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചതാണ് ഇക്കാര്യം. ആശുപത്രിയുടെ അനാസ്ഥ വ്യക്തമായ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദ് ചെയ്തതായി സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സ ലഭിക്കും. എന്നാല്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല-മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തിന്റെ ഉള്‍പ്പെടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്താന്‍ ആശുപത്രിക്ക് നിര്‍ദ്ദേശം നല്കി. പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ ഇനി അനുമതി ഉണ്ടായിരിക്കില്ല. മാക്സ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴവ് പതിവായിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മാക്സ് ആശുപത്രിയില്‍ ജനിച്ച ഇരട്ടക്കുട്ടികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചതായി ആശുപത്രി അധികൃതര്‍ വിധി എഴുതിയിരുന്നു. എന്നാല്‍ ആണ്‍കുട്ടിക്ക് ജീവനുണ്ടെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. രണ്ട് കുട്ടികളും മരിച്ചുവെന്ന് വിധിയെഴുതിയ ആശുപത്രി അധികൃതര്‍ പോളിത്തീന്‍ കവറുകളിലാണ് കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറിയത്.
മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടി ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു.






