
ന്യൂഡല്‍ഹി: ഇന്ന് രാവിലെയായിരുന്ന തനിക്ക് വിമനയാത്രക്കിടെ പീഡനശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സൈറാ വസീം രംഗത്തുവന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സൈറ വസീം തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. നിമിഷങ്ങള്‍ക്കകം സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ദേശീയ വനിതാ കമ്മീഷനടക്കം പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. സംഭവത്തില്‍ മുംബൈ പോലീസിന് സൈറ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
ഒരുപാട് പേര് പ്രതികരണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു. നിരവധി ആളുകള്‍ താരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. സൈറയുടെ വെളിപ്പെടുത്തലുകള്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള വെറും അഭിനയമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചു തുടങ്ങിയത്.
സൈറ ഒരു കുട്ടിയായിരുന്നോ എന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ക്യാബിന് ക്രൂ ജീവനക്കാരോട് പരാതി പറയാമായിരുന്നില്ലോ എന്നുമാണ് ചിലരുടെ ചോദ്യം. മോശം പെരുമാറ്റമുണ്ടായെങ്കില്‍ ജീവനക്കാരോട് സീറ്റ് മാറ്റിതരാന്‍ ആവശ്യപ്പെടാമായിരുന്നില്ലേയെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ ചോദിക്കുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലൈവ് വീഡിയോയില്‍ പൊട്ടിക്കരഞ്ഞതിലൂടെ സൈറയുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള പുതിയ തന്ത്രങ്ങളാണ് സൈറയുടേതും ചിലര്‍ ആരോപിച്ചു.