
തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
അതേസമയം, സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് തടയാന്‍ കഴിയില്ല. റിപ്പോര്‍ട്ടില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അന്ന് ചോദ്യം ചെയ്തിരുന്നില്ലെന്നും ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ആരാഞ്ഞു.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ പത്രക്കുറിപ്പ് ഉചിതമായില്ലെന്നും കോടതി വിലയിരുത്തി. ഉമ്മന്‍ ചാണ്ടിയുടെ മൗലികാവകാശം കൂടി സര്‍ക്കാര്‍ പരിഗണിക്കേണ്ടിയിരുന്നു. വ്യക്തിയുടെ പ്രതിച്ഛായയെ തകര്‍ക്കുന്ന വിധത്തില്‍ പ്രതികരണം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നും കോടതി സൂചന നല്‍കിയിരുന്നു.
കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനവും പത്രക്കുറിപ്പുമാണ് അനുചിതമായി എന്ന് കോടതി വിലയിരുത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. അതിനു വേണ്ടി അധികം കാത്തിരിക്കാന്‍ കോടതിക്ക് പറ്റില്ല. ഉച്ചകഴിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.






