
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനു തിരിച്ചടിയായി താരങ്ങളുടെ മൊഴികള്‍. നടിയോടു ദിലീപിനു ശത്രുതയുണ്ടായിരുന്നെന്നു തെളിയിക്കുന്നതാണ് സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്, സിദ്ദിഖ് എന്നിവരുടെയും മൊഴികള്‍. ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞത് നടിയുടെ സഹായത്തോടെയാണെന്നാണു മഞ്ജുവിന്റെ മൊഴിയില്‍.
ദിലീപും കാവ്യാ മാധവനുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നെന്നും അതറിഞ്ഞപ്പോള്‍ വീട്ടില്‍ വഴക്കായെന്നും ഇതിന്റെ പേരിലാണു നടിയോടു ദിലീപിനു ശത്രുതയുണ്ടായതെന്നും മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ മൊഴി.
മഞ്ജു നായികയായിട്ടുള്ള സിനിമയില്‍ അഭിനയിക്കരുതെന്നു ദിലീപ് പരോക്ഷമായി ആവശ്യപ്പെട്ടിരുന്നെന്ന് കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നു. അമേരിക്കയില്‍വച്ച് കാവ്യയും ദിലീപും ഒരുമിച്ചു ബാത്ത്റൂമില്‍ പോയതിനു സാക്ഷിയാണെന്നാണു റിമി ടോമിയുടെ മൊഴി. ആരോപണങ്ങളെല്ലാം കാവ്യാ മാധവന് നിഷേധിച്ചു. ദിലീപ് - മഞ്ജു വിവാഹമോചനത്തിനു കാരണം താനല്ലെന്നും കാവ്യ വ്യക്തമാക്കി.
''കാവ്യാ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്റൂമിലേക്കു പോയി'' - റിമി ടോമി
2002 ല്‍ ''മീശമാധവന്'' എന്ന സിനിമയുടെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. 2010 ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷ എന്നിവരുമൊത്ത് ദിലീപ് ഷോയില്‍ ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. അന്നു കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയിരുന്നതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.
അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യാ മാധവന് അവളുടെ അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെ എന്റെയും ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്റൂമിലേക്കുപോയി. കുറച്ചുകഴിഞ്ഞാണ് തിരികെവന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടന് റൂമിലേക്കു തിരികെപ്പോയി.
2012 ഫെബ്രുവരി 12-ാം തീയതി മഞ്ജുച്ചേച്ചിയും സംയുക്താവര്‍മ്മയും ഗീതു മോഹന്ദാസുംകൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനെപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്വച്ച് നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം മഞ്ജു ചേച്ചിയോടു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയാം. 2013 ലെ അമ്മ ഷോയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്ട്സ്ആപ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നും തന്നെയില്ല.
''കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം കൂടുതല്‍ അറിയാവുന്നത് നടിക്ക്'' -സംയുക്താ വര്‍മ
ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊെബെല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.
മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്കി. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിയുടെ അച്ഛന് അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.
''ദിലീപ് പരോക്ഷമായി പറഞ്ഞു... ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത്''- കുഞ്ചാക്കോ ബോബന്
നടന് ദിലീപ് എന്റെ സുഹൃത്താണ്. സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ് അദ്ദേഹം. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണു ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിനു ശേഷം അഭിനയിച്ച ''ഹൗ ഓള്‍ഡ് ആര് യു'' എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്. മോഹന്‍ലാല്‍ നായകനായ സിനിമയിലാണു മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്നു പറഞ്ഞു കേട്ടത്.
എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തശേഷം ഒരു ദിവസം രാത്രി െവെകി ദിലീപ് എന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. സംസാരത്തില്‍നിന്നും ഞാന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്നു തീര്‍ച്ചയാണ്. ''കസിന്‍സ്'' എന്ന സിനിമയില്‍നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.






