
തിരുവനന്തപുരം : മത്സര വിജയിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ച സംഭവത്തില്‍ ഇരുവരെയും സസ്പെന്റു ചെയ്ത സ്കൂള്‍ നടപടിയ്ക്കും നടപടി ശരിവെച്ച ഹൈക്കോടതി വിധിയ്ക്കും എതിരെ പ്ലസ് ടു വിദ്യാര്‍ത്ഥി നിയമ യുദ്ധത്തിനൊരുങ്ങുന്നു. പഠിക്കാനും സ്വകാര്യതയ്ക്കുമുള്ള അവകാശം തനിക്ക് നഷ്ടമായെന്നും അത് സംരക്ഷിക്കാനായി താന്‍ നിയമപരമായി പോരാടുമെന്നും ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകുമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം.
2017 ജൂലൈ 21 നാണ് പരസ്പരം ആലിംഗനം ചെയ്തതിന് തിരുവന്തപുരത്തെ ഒരു പ്രമുഖ സ്കൂളിലെ പ്ലസ്ടു വിദ്യാര്ത്ഥിയേയയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയേയും സസ്പെന്റു ചെയ്തത്. സ്കൂള്‍ കമലാത്സവത്തില് വെസ്റ്റേണ്‍ മ്യൂസിക് മത്സരം കഴിഞ്ഞ് ഇറങ്ങി വന്ന പെണ്‍കുട്ടിയെ ആണ്‍കുട്ടി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
സ്റ്റേജിനു സമീപം ഇതു കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്ന അധ്യാപിക കയ്യോടെ ഇരുവരെയും വൈസ് പ്രിന്‍സിപ്പിളിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. സ്വാഭാവികമായി ഉണ്ടായ സന്തോഷത്തെ തുടര്‍ന്ന് ചെയ്തുപോയതാണെന്ന് ഇരുവരും പറഞ്ഞുവെങ്കിലും അധ്യാപകര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് തെറ്റുചെയ്തുവെന്ന് കാട്ടി ഇവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം മാപ്പപേക്ഷ എഴുതി വാങ്ങിയെന്നും പിറ്റേന്ന് സ്കൂളിലേയ്ക്ക് വരേണ്ടതില്ലെന്ന് പറയുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തുടര്‍ന്ന് വെക്കേഷന് കഴിഞ്ഞ് സ്കൂള്‍ തുറന്ന ദിവസം ഇരുവരുടെയു മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ഇന്‍സ്റ്റഗ്രാമിലെ പഴയ ചിത്രങ്ങളെടുത്ത് മാതാപിതാക്കളെ കാണിക്കുകയും ഇങ്ങനെയാണ് നിങ്ങളുടെ മക്കള്‍ പെരുമാറുന്നത് എന്ന രീതിയില്‍ മോശപ്പെടുത്തി സംസാരിക്കുകയും ചെയ്തതായി ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെക്കൊണ്ട് ആണ്കുട്ടിയ്ക്കെതരെ പരാതി നല്‍കിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും ഇതിന് വിസമ്മതിച്ചതിനാല്‍ വിഫലമാകുകയായിരുന്നു.






