
പെരുമ്പാവൂര്‍ : സാമ്പത്തികമായി സഹായിക്കുമെന്ന് കരുതിയാണ് താന്‍ ജിഷയുടെ അമ്മ രാജേശ്വരിയെ സമീപിച്ചതെന്ന് അറസ്റ്റിലായ ഹോട്ടല്‍ തൊഴിലാളി ഫൈസല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന രാജേശ്വരിയുടെ പരാതിയിലാണ് കൊല്ലം കിളികൊല്ലൂര്‍ ബീമ മന്‍സിലില്‍ (52) അറസ്റ്റിലായത്.
സംഭവത്തില്‍ ഫൈസല്‍ പറയുന്നത് ഇങ്ങിനെ,
താന്‍ പെരുമ്പാവൂര്‍ 'റോയല്‍' ഹോട്ടലിലെ ജീവനക്കാരനായിരിക്കെ ഹോട്ടലില്‍ ഇവര്‍ ഒന്നു രണ്ടു വട്ടം ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. അന്നൊക്കെ നൂറും ഇരുന്നൂറുമൊക്കെ തനിക്ക് ടിപ്പായി നല്‍കിയിരുന്നു. ഇതിനിടെ, വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ തന്നെ ജീവനക്കാര്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഹോട്ടലില്‍ നിന്നും പിരിച്ചുവിട്ടു. ഇതേതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാജേശ്വരിയുടെ കാരുണ്യം തേടി വീട്ടിലെത്തിയതെന്നും ഫൈസല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
എന്നാല്‍, പണം വാഗ്ദാനം ചെയ്ത ശേഷം നേരില്‍ സന്ദര്‍ശനത്തിന് എത്തിയെന്നും താന്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ഇയാള്‍ തന്നെ ആക്രമിക്കാന്‍ എത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജേശ്വരി പോലീസിനെ സമീപിച്ചത്.
അതേസമയം, കോഴിക്കോട് നിവാസിയായ ധനികന് കുറച്ച് പണം ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് രാജേശ്വരിയെ നേരില്‍ കണ്ട് നല്കാന് എത്തിയതാണെണന്നുമാണ് ഇയാള്‍ തന്നെ അറിയിച്ചതെന്നാണ് ജിഷയുടെ സഹോദരി ദീപ പറയുന്നത്. കേസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും അമ്മ വീട്ടില്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങി തിരികെ പോയെന്നും തന്നോട് അയാള്‍ മാന്യമായാണ് പെരുമാറിയതെന്നും വീട്ടില്‍ നടന്ന സംഭവങ്ങള്‍ സിസി ടിവി കാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ദീപ പറയുന്നു.






