
ഒരു സിനിമ ഇറങ്ങിയതോടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണന്. അരുണ്‍ പ്രഭു സംവിധാനം ചെയ്ത അരുവി എന്ന ചിത്രമാണ് ലക്ഷ്മിയുടെ ഉറക്കം കെടുത്തുന്നത്. ചിത്രത്തില്‍, ലക്ഷ്മി രാമകൃഷ്ണന് അവതാരകയായ സൊല്‍വതെല്ലാം ഉണ്മൈ എന്ന ചാനല്‍ പരിപാടിയെ പരിഹസിക്കുന്ന രംഗങ്ങളുണ്ട്. സിനിമ റിലീസായതോടെ തനിക്കെതിരെ രൂക്ഷമായ ആക്രമണം നടക്കുന്നതായി ലക്ഷ്മി ആരോപിച്ചു.
നിന്റെ കള്ളത്തരങ്ങള്‍ പുറത്തായി, പോയി ചാവടി തുടങ്ങിയ രൂക്ഷമായ വാക്കുകളിലൂടെയാണ് ആളുകളുടെ പ്രതികരണം. അസഭ്യവര്‍ഷം അസഹനീയമായിരിക്കുകയാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് തന്റെ വീട്ടുകാരടക്കം പറഞ്ഞത്. എന്നാല്‍ എത്രത്തോളം കേട്ടുനില്‍ക്കാനാകും ലക്ഷ്മി ചോദിക്കുന്നു. ക്ഷമ നശിച്ചപ്പോഴാണ് താന്‍ സംവിധായകനെതിരെ രംഗത്ത് വന്നതെന്നും ലക്ഷ്മി പറഞ്ഞു.
സിനിമയില്‍ തന്നെ പരിഹസിക്കുന്നുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ചിലര്‍ വിളിച്ചു പറഞ്ഞിരുന്നു. നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയല്ലേ എന്ന് കരുതി പ്രതികരിക്കാതിരുന്നയാണ്. തന്നെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയല്ലെന്ന് സംവിധായനും പറഞ്ഞിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ ട്വിറ്ററിലും മറ്റും രൂക്ഷമായ ആക്രമണമാണ് നടക്കുന്നതെന്ന് ലക്ഷ്മി പറഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് ലക്ഷ്മി.






