
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടി അക്രമക്കിപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണായക മൊഴികളും രേഖകളുമാണ് ദിലീപ് ആവശ്യപ്പെടുക. സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ല. ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി.
അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് ദിലീപ് കോടതിയില്‍ പോകുന്നത്. കുറ്റപത്രവും അനുബന്ധ രേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നെങ്കിലും നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ നല്‍കിയിരുന്നില്ല. കേസിലെ സുപ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. നേരത്തേ കേസില്‍ തനിക്കെതിരായ കുറ്റപത്രം അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ വ്യക്തിപരമായി അപമാനിക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നതെന്നും ആരോപിച്ച് ദിലീപ് അങ്കമാലി കോടതിയില്‍ എത്തിയിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തി പെടുത്താന്‍ ശ്രമം നടത്തുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഫോണ്‍രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്ന് ആയിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.






