
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്അനുമതി നല്കിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പു പ്രതിയുടെ കൈയിലെത്തിയ സംഭവം സര്‍ക്കാര്‍ അന്വേഷിക്കും. സെക്രട്ടേറിയറ്റില്‍ നടന്നതായി സംശയിക്കുന്ന അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. സര്‍ക്കാരിനെ നിയമക്കുരുക്കിലാക്കുകയും കോടതിയലക്ഷ്യ നടപടിയിലേക്കു തള്ളിവിടുകയും ചെയ്യുന്ന തരത്തില്‍ തയാറാക്കിയ ആദ്യ ഉത്തരവാണു പുറത്തായത്.
മുന്‍ കശുവണ്ടി വികസന കോര്പ്പറേഷന് എം.ഡി: കെ.എ. രതീഷിനും ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനും എതിരായ സി.ബി.ഐ. വിചാരണയ്ക്കു പ്രോസിക്യൂഷന്അനുമതി നല്കുന്ന ഉത്തരവ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു വ്യവസായ വകുപ്പ് തയാറാക്കിയത്. എന്നാല്‍, അനുമതിഉത്തരവില് ഹൈക്കോടതിയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളും പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന സൂചനയും ഉള്‍പ്പെട്ടിരുന്നു. ഉത്തരവിലെ നിയമവൈകല്യങ്ങള് തിരിച്ചറിഞ്ഞ അഡ്വക്കേറ്റ് ജനറല്‍ കെ. ജാജു ബാബു, അതു ഹൈക്കോടതിയില്‍ സമര്‍പ്പിക്കാതെ കൂടുതല്‍ വ്യക്തത വരുത്താന്‍ സമയം തേടി. കോടതിയലക്ഷ്യ നടപടിയടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമായിരുന്ന ഉത്തരവ് തിരുത്താന്‍ വ്യവസായ വകുപ്പിനു നിര്‍ദേശവും നല്കി. അതിനിടെയാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെടാത്ത ഉത്തരവിന്റെ പകര്‍പ്പ് കേസിലെ രണ്ടാം പ്രതിയായ ആര്. ചന്ദ്രശേഖരന്റെ കൈയിലെത്തിയത്. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉത്തരവ് വായിക്കുകയും പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു പ്രോസിക്യൂഷന്അനുമതി സര്‍ക്കാര്‍ നല്‍കിയതെന്ന പരാമര്‍ശവും അദ്ദേഹം നടത്തി. കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ തന്നെ വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് ചന്ദ്രശേഖരന് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുവെന്നും എന്നാല്‍ തന്റെ കാലയളവില്‍ ആകെ 224 കോടി രൂപയുടെ പര്‍ച്ചേസ് മാത്രമാണു നടന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
കോടതിയില്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍രേഖ പ്രതിയുടെ കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് തയാറാക്കിയതും അത് കോടതിയിലെത്തും മുമ്പു പ്രതിയുടെ കൈയിലെത്തിയതും ഒറ്റപ്പെട്ട സംഭവമെല്ലന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സെക്രട്ടേറിയറ്റിനുള്ളില്നിന്നു ബോധപൂര്‍വമായ വിവരച്ചോര്‍ച്ചയോ അട്ടിമറിയോ നടന്നിട്ടുണ്ടോയെന്നു സര്‍ക്കാര്‍ അന്വേഷിക്കും. ഉത്തരവ് പുറത്തുപോയ സാഹചര്യം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.
അടുത്ത എട്ടിനു കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ, വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ പുതിയ ഉത്തരവ് സമര്‍പ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.
സുനില്‍ ജെ. സണ്ണി






