
തൃശൂര്‍ : ലാല്‍ ജോസിന്റെ "പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും" എന്ന സിനിമയിലെ നായിക ജയശ്രീയില്‍നിന്ന് ഇടുക്കി ശാന്തിഗ്രാം ഗവ. എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ജോസ്നാ ജോര്‍ജിലേക്കുള്ള ദൂരമെത്ര? അഭ്രപാളിയില്നിന്ന് യഥാര്‍ഥ ജീവിതത്തിന്റെ അരങ്ങിലേക്കുള്ള ദൂരമെന്നാണുത്തരം. പക്ഷേ, ലാല്‍ ജോസിന്റെ മാനസപുത്രിക്കും ജയന് സെബാസ്റ്റ്യന്റെ സ്വന്തം പുത്രിക്കും ഒരുപാടു സാമ്യങ്ങളുണ്ട്. സിനിമയിലെ നായിക തിരക്കഥപ്രകാരം ഹൗസ് ബോട്ടുകളില്‍ നൃത്തമാടുമ്പോള്‍, സ്വന്തം നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷാത്കാരത്തിനായി വീടിനടുത്തുള്ള റിസോര്‍ട്ടുകളില്‍ നൃത്തമാടുകയാണു ജോസ്ന. ഇന്നലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭരതനാട്യവേദിയിലും അവള് നിറഞ്ഞാടി.
കുഞ്ഞുന്നാളിലേ ജോസ്നയുടെ മോഹങ്ങള്‍ക്കു ചിലങ്കയുടെ താളമായിരുന്നു. അച്ഛന് ജയന് സെബാസ്റ്റ്യനും അമ്മ ജെസിയും മകളുടെ മനസറിഞ്ഞ് അവളെ നൃത്തം പഠിപ്പിച്ചു. പക്ഷേ, ചെലവുകള്‍ കൂടിയതോടെ അതിന് ആവതില്ലാതായി. മൂന്നു സെന്റിലെ വീട് പുലര്‍ത്താന്‍ കൂലിപ്പണിയെടുക്കുന്ന അവര്‍ എന്തുചെയ്യാന്‍? മാതാപിതാക്കളുടെ പ്രാരബ്ധമറിയാമെങ്കിലും നൃത്തോപാസന കൈവിടാന്‍ ജോസ്ന ഒരുക്കമായിരുന്നില്ല. വലിയ നര്‍ത്തകിയാകണം, അതിനു കലാക്ഷേത്രയില്‍ ചേര്‍ന്നു പഠിക്കണം. സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ഗുരുക്കന്മാരോട് അവള് തലയുയര്‍ത്തി പറഞ്ഞു: "മാഷേ, ഫീസ് ഞാന്‍ തരും". പരാധീനത പറഞ്ഞ് പരാശ്രയത്തിന് അവള് തയാറല്ലായിരുന്നു. അങ്ങനെ വീടിനടുത്തുള്ള റിസോര്‍ട്ടുകളിലെ അതിഥികള്‍ക്കു മുന്നില്‍ നൃത്തമവതരിപ്പിച്ചു. മുദ്രകളെക്കുറിച്ചുള്ള വിദേശികളുടെ സംശയങ്ങള്‍ തീര്‍ത്തു. പ്രതിദിനം പ്രതിഫലം 250 രൂപ. അതിഥികള്‍ മനസറിഞ്ഞു തരുന്നതും സ്വരുക്കൂട്ടിവച്ച് അവള് നൃത്തം പഠിച്ചു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ വേഷവിധാനങ്ങള്‍ വാങ്ങി.
ഒരിക്കല്‍ റിസോര്‍ട്ടിലെ നൃത്തം കണ്ട് അമേരിക്കക്കാരി ട്രീസ പറഞ്ഞു: നീ ഉയരങ്ങളിലെത്തും. "ഒരുകാര്യം നേടാന്‍ തീവ്രമായി ആഗ്രഹിച്ചാല്‍ അതിനായി ലോകം നിന്റെ കൂടെനില്‍ക്കും"-പൗലോ കൊയ്ലോയുടെ ഈ വാക്കുകള്‍തന്നെയാണ് ആശീര്‍വാദരൂപേണ ട്രീസയും പറഞ്ഞത്.