
പത്തനംതിട്ട: വികസനം മറയാക്കി വനമേഖല കോപ്പറേറ്റുകള്‍ക്കു തീറെഴുതാന്‍ ലക്ഷ്യമിട്ട് വനസംരക്ഷണ നിയമഭേദഗതിക്കു കേന്ദ്ര സര്‍ക്കാരിന്റെ കരുനീക്കം. 70 ശതമാനത്തില്‍ കൂടുതല്‍ വൃക്ഷമേലാപ്പുള്ള പ്രദേശംമാത്രം വനമെന്ന നിര്വചനത്തിലാക്കാനാണ് ആലോചന. വനഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വകമാറ്റാനുള്ള തന്ത്രമാണിതെന്നാണു പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക.
ടി.എസ്.ആര്. സുബ്രഹ്മണ്യന് സമിതി റിപ്പോര്‍ട്ട് പ്രകാരം 1980-ല്‍ രൂപീകരിച്ച വനസംരക്ഷണ നിയമം പൊളിച്ചെഴുതുന്നതാണു പുതിയ നിയമം. ഭേദഗതി യാഥാര്‍ഥ്യമാകുന്നപക്ഷം പ്രത്യേക ആവശ്യത്തിനായി ഏതു സ്ഥലവും പരിധിയില്ലാതെ ഏറ്റെടുക്കാന്‍ കളമൊരുങ്ങും. പശ്മചിമഘട്ടത്തിലൊഴികെ 70 ശതമാനത്തിലധികം വൃക്ഷമേലാപ്പില്ലാത്ത പ്രദേശങ്ങള്‍ വനമെന്ന നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍ ദേശീയ പാര്‍ക്കുകള്‍ അടക്കമുള്ളവയും വനത്തിന്റെ ഭാഗമായ പുല്‍മേടുകളുടെ നിലനില്‍പ്പും ഭീഷണിയിലാകും.
നിലവില്‍ വനഭൂമി ഏറ്റെടുക്കണമെങ്കില്‍ പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള കടമ്പകളുണ്ട്. നിയമം ലഘൂകരിക്കപ്പെടുന്നതോടെ ഇത്തരം തടസങ്ങള്‍ ഒഴിവാകും.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി വകമാറ്റുകയാണെങ്കില് വനവത്കരണത്തിനു പകരംഭൂമി കണ്ടെത്തി നല്‍കണമെന്നും ഇതിനായി പ്രത്യേകം പണം അടയ്ക്കണമെന്നുമാണ് വ്യവസ്ഥ. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വിട്ടുനല്‍കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ ഭേദഗതിക്കാണ് ആലോചിക്കുന്നത്. ഇതോടൊപ്പം വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശം ഉറപ്പിക്കുന്ന 2006-ലെ ആദിവാസി സംരക്ഷണ നിയമവും ഭേദഗതിചെയ്യാന്‍ നീക്കമുണ്ടെന്ന് അറിയുന്നു. വനേതര ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെയും തദ്ദേശവാസികളുടെയും സമ്മതം വാങ്ങണമെന്നതിലാണു വെള്ളം ചേര്‍ക്കുന്നത്.
1980-ലാണ് ഇന്ത്യയില്‍ വനനിയമം നടപ്പാക്കുന്നത്. 1972-ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഉച്ചകോടിയെത്തുടര്‍ന്ന് 1976-ല്‍ പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു.
വന സംരക്ഷണ നിയമം വരുന്നതു വരെ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് വനം വെട്ടി വെളുപ്പിക്കുകയായിരുന്നു പതിവ്. നിയമം പ്രാബല്യത്തിലായതോടെയാണ് ഇതിന് ഒരുപരിധിവരെ തടയിടാനായത്.






