
ന്യുഡല്‍ഹി: ചിലവന്നൂരിലെ ഡി.എല്‍.എഫിന്റെ ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരും തീരദേശ പരിപാലന അതോറിറ്റിയും നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ഒരു പദ്ധതി പൊളിച്ചുനീക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും തീരദേശ പരിപാലന അതോറിറ്റിക്ക് ഒരു കോടി രുപ പിഴ നല്കി പദ്ധതി ക്രമപ്പെടുത്തിയാല്‍ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ചിലവന്നൂരിലെ കായല്‍തീരത്ത് നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2014ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് ഡിവിഷന് ബെഞ്ച് ശരിവച്ചുവെങ്കിലും കെട്ടിം പൊളിക്കുന്നത് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് ക്രമപ്പെടുത്താന്‍ നിര്‍ദേശിച്ചത്.
പിഴയായി ഈടാക്കുന്ന തുക പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ വിനിയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.






