
ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതോടെ അടിയന്തരമായി നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. വിതരണം ചെയ്യാത്ത നാണയങ്ങള്‍ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നത് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച മുതലാണ് നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയശാലകള്‍ നിര്‍മാണം നിറുത്തിയത്. നിലവില്‍ 250 കോടി നാണയങ്ങള്‍ ഇനിയും വിതരണം ചെയ്യാതെ കെട്ടികിടക്കുന്നുവെന്നാണ് കണക്ക്.
നിലവില്‍ സംഭരണശാലകള്‍ നിറഞ്ഞതുകൊണ്ടു മാത്രമാണ് നിര്‍മാണം നിര്‍ത്തുന്നതെന്നാണ് വിശദീകരണം. നാണയ ക്ഷാമം ഇല്ലാത്തതിനാല്‍ നിര്‍മാണം നിറുത്തിയത് ബാധിക്കുകയില്ലെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.






