
ഒരുമിച്ച് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ദമ്പതികള്‍ വേര്‍പിരിയുന്നത് സ്വാഭാവികം. എന്നാല്‍ പിന്നീട് പരസ്പരം പഴിചാരിയും ആരോപണങ്ങളെയ്തും ശത്രുക്കളെ പോലെ കഴിയുന്നവരെയാണ് നമ്മുടെ ചുറ്റുപാടില്‍ പലപ്പോഴും കാണുന്നത്. അത് സിനിമാ താരങ്ങളാണെങ്കില്പ്പോലും വലിയ വ്യത്യാസമില്ലായിരുന്നു. പക്ഷേ ഇവിടെ വ്യത്യസ്തരാവുകയാണ് ബോളിവുഡ് താരം ഋത്വിക് റോഷനും മുന്‍ ഭാര്യ സൂസെയ്നും. വിവാഹ മോചനത്തിന് ശേഷവും വളരെ അടുത്ത സുഹൃത്തുക്കാളാണ് ഇരുവരും. ഇപ്പോള്‍ ഋത്വികിന്റെ പിറന്നാള്‍ ദിനത്തില്‍ സൂസെയ്ന് നല്കിയ സന്ദേശമാണ് ഏറെ ശ്രദ്ധേയമായത്.
44-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഋത്വികിന് അര്‍ദ്ധരാത്രിയില്‍ തന്നെ സൂസെയ്ന്റെ സന്ദേശമെത്തി. 'എന്നെന്നും എപ്പോഴും എന്റെ ജീവിതത്തിന്റെ സൂര്യതേജസ്സായ് നീയുണ്ടാകും. തിളക്കമാര്‍ന്ന പുഞ്ചിരിയോടെ ആ പ്രകാശം പരത്തിക്കൊണ്ടിരിക്കും' എന്ന് ഒരുമിച്ചുള്ള മനോഹര ചിത്രത്തിനൊപ്പം സൂസെയ്ന് കുറിച്ചു. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലായി. ഇത്രയും സ്നേഹിക്കുന്നവര്‍ എന്തിനാണ് പിരിഞ്ഞു ജീവിക്കുന്നത്, ഒരിക്കല്‍ കൂടി ഒരുമിച്ചു കൂടെ എന്ന് ആരാധകര്‍ ചോദിക്കുന്നു.
അടുത്തിടെ ഋത്വികിനെതിരെ കങ്കണ രംഗത്തെത്തിയപ്പോഴും പിന്തുണയുമായി സൂസെയ്ന് ഉണ്ടായിരുന്നു. ആരൊക്കെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങളുടെ സുന്ദരമായ ഹൃദയം എനിക്കറിയാം എന്നാണ് സൂസെയ്ന് കുറിച്ചത്. മക്കള്‍ക്കുവേണ്ടി ഇരുവരും എപ്പോഴും ഒരുമിച്ച് യാത്രകള്‍ പോകാറും പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്.






