
ന്യൂഡല്‍ഹി : ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും തിങ്കളാഴ്ച കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി മുകുള്‍ ജെയിനെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും അയാള്‍ ഗംഗയില്‍ മുങ്ങാനായി പാട്നയിലേയ്ക്ക് പോയതാണെന്നും പോലീസ്. സ്കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ വിദ്യാര്‍ത്ഥിയായ മുകുള്‍ ഗാസിയാബാദ് സ്വദേശിയാണ്.
'തിങ്കളാഴ്ച ജെ.എന്‍.യു ക്യാമ്പസ് വിട്ട ഉടന്‍ അദ്ദേഹം പാട്നയിലേയ്ക്ക് തിരിച്ചതായാണ് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറി പിറ്റേന്ന് അവിടെയെത്തി. പാട്നയില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം അവിടെ നിന്നും തിരിക്കുകയും വ്യാഴാഴ്ച രാവിലെ തിരിച്ചെത്തുകയും ചെയ്തു' വെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്താതായതോടെ ബന്ധുക്കളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മുകുള്‍ തിരിച്ചെത്തിയതായി ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ഗീതാ കുമാരി അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 'അദ്ദേഹം വ്യക്തിപരമായ ആവശ്യത്തിനായി പോയതാണ്' എന്നാണ് ഗീതാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചത്.
ഗവേഷണ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മാവിമണ്ഡ്വി ഹോസ്റ്റലില്‍ നിന്നും 2016 ഒക്ടോബറില്‍ കാണാതായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ നജീബിനെ മര്‍ദിച്ചതിനു പിന്നാലെയായിരുന്നു ഈ കാണാതാകല്‍. നജീബിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസിലും ഡല്‍ഹിയിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായത്.






