
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി പോലീസ്. ഇത്തരത്തില്‍ വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ടെന്ന് പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 ശതമാനമാക്കി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ മേധാവികള്‍ക്ക് ഡിജിപി കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിത്. അതേസമയം, ഇവരോട് ഉള്‍പ്പെടെയുള്ള പോലീസിന്റെ പെരുമാറ്റം മാന്യമായിരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. ദേശീയ പാതയിലെ ക്യാമറാ നിരീക്ഷണം ശക്തമാക്കിയതിനാല്‍ സംസ്ഥാന പാതകളില്‍ അപകടം കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തില്‍പെടുന്നത്. മൊത്തം അപകടത്തില്‍ 60 ശതമാനവും ഈ വാഹനങ്ങളാണ്. കെ.എസ്.ആര്.ടി.സി, സ്വകാര്യബസ്, ലോറി, ജീപ്പ് എന്നിവ അപകടത്തില്‍പെടുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അപകടത്തില്‍പെടുന്ന മിനിബസുകളുടെയും കാറുകളുടെയും എണ്ണം കൂടുകയാണ്. സ്വകാര്യ കാറുകളുടെ അപകടവും കൂടി. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നെന്നും നാലുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നെന്നും പരിശോധനയില്‍ ഉറപ്പാക്കണം.
രാത്രിയാത്രിയിലാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് പ്രധാന കാരണം. അതിനാല്‍ രാത്രികാല പരിശോധന ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വാഹനം നിര്‍ത്തി കട്ടന്‍ചായ, കാപ്പി എന്നിവ നല്‍കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടണം. നാലുവരിപാതകളില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും ശക്തമായ നടപടിയെടുക്കണം. ഇരുചക്രവാഹന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവത്കരണം ശക്തമാക്കണം. റെയ്സിങ്, ഓവര്‍ സ്പീഡ് നടക്കുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശിച്ചു.






