
ന്യൂഡല്‍ഹി : നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കൊണ്ടുവരിക ഒരു ഞെട്ടിക്കുന്ന സമ്മാനം. ഗാല്‍ മൊബൈല്‍ എന്ന് അറിയപ്പെടുന്ന കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ സാധിക്കുന്ന ഒരു വാഹനമാണ് നെതന്യാഹു മോഡിക്ക് സമ്മാനിക്കുക. കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും യുദ്ധ സ്ഥലങ്ങളിലും ഇത് ഉപയോഗിച്ച് കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിയും.
മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും ദോര്‍ ബീച്ചിലേയ്ക്ക് യാത്ര നടത്തിയിരുന്നു. അവിടെ വച്ച് മോഡിയെ ഗാല്‍ മൊബൈല്‍ വാഹനം നെതന്യാഹു പരിചയപ്പെടുത്തിയിരുന്നു. ദിനംപ്രതി 20000 ലിറ്റര്‍ കടല്‍വെള്ളം ഇതിലൂടെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിയും. ഞായറാഴ്ച ഇന്ത്യയില്‍ എത്തുന്ന നെതന്യാഹു കപ്പല്‍ മാര്‍ഗ്ഗമാണ് ഗാല്‍ മൊബൈല്‍ ഇന്ത്യയില്‍ എത്തിക്കുക. പിന്നീട് ഈ സമ്മാനം ഡല്‍ഹിയില്‍ വച്ച് മോഡിക്ക് കൈമാറും.






