
തിരുവനന്തപുരം: പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ സീനിയര്‍ ക്ലാര്‍ക്കിന്റെ അലമാര പൊളിച്ച്, ഐ.ജി. അന്വേഷിച്ച അഴിമതി അന്വേഷണ റിപ്പോര്‍ട്ട് എടുത്തുകൊണ്ടുപോയി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം.
ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ജീവനക്കാരുടെ ക്ഷേമനിധി സംബന്ധിച്ച തട്ടിപ്പിനെക്കുറിച്ച് ഇന്റലിജന്‍സ് ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യയയുടെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണു ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്.ഐയുടെ നേതൃത്വത്തിലുള്ളവര്‍ അനുമതിയില്ലാതെ കൊണ്ടുപോയത്. ഇതുസംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ബീനാകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇന്റലിജന്‍സ് മേധാവിയുടെ ഓഫീസ് മന്ദിരത്തോടുചേര്ന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സ്ഥലത്തുണ്ടായിരുന്നിട്ടും തന്നെ അറിയിക്കാതെയാണു അലമാര ബലമായി തുറന്നതെന്നു പരാതിയില്‍ പറയുന്നു. ഐ.ജിയുടെ ടീമിലെ അംഗമായിരുന്നു ബീനാകുമാരി.
എന്നാല്‍, ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലെ എഫ്-5 സീറ്റിന്റെ ചുമതലക്കാരിയായിരുന്ന ബീനയെ സ്ഥലംമാറ്റിയിരുന്നതായി എസ്.പി: ജെ. ജയനാഥ് തയാറാക്കിയ മെമ്മോയില്‍ പറയുന്നു. ഈ മാസം നാലിനു ഓഫീസിലെത്തിയിട്ടും ബീന ബോധപൂര്‍വം ഉത്തരവ് െകെപ്പറ്റിയില്ല. മാത്രമല്ല, പകരക്കാരനായെത്തിയ ക്ലര്‍ക്ക് ശിവകുമാറിനു അലമാരയുടെ താക്കോലോ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുളള രേഖകളോ െകെമാറിയിരുന്നുമില്ല.
സാധാരണഗതിയില്‍ ഓഫീസിന്റെ ചുമതലവഹിക്കുന്നയാള് എത്താത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട സീറ്റിന്റെ ഉത്തരവാദിത്വം ജൂനിയര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കണം. ജീവനക്കാരുടെ ക്ഷേമനിധി ഫണ്ടുമായി ബന്ധപ്പെട്ട് ലോക്കല്‍ ഫണ്ടിന്റെ ഓഡിറ്റിങ് നിശ്ചയിച്ചിരിക്കുകയാണ്. ഇതിനു സമര്‍പ്പിക്കേണ്ട നിരവധി ഓഫീസ് രേഖകള്‍ താങ്കള്‍ പൂട്ടിക്കൊണ്ടുപോയിരിക്കുന്ന അലമാരയിലാണു സൂക്ഷിച്ചിട്ടുളളത്. അതിനാല്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ബലമായി അലമാര തുറന്നു രേഖകള്‍ പുതിയതായി ചുമതലയേറ്റ ക്ലര്‍ക്കിനു നല്‍കിയെന്നും മെമ്മോയില്‍ പറയുന്നു. ഇതു ചോദ്യം ചെയ്ത് ബീന പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി: എ.ആനന്ദകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യയായ ഡി.ജിപിക്ക് സമര്‍പ്പിച്ചു.






